പാ‍ഴായിപോയ കറന്‍സി

Tuesday, May 12, 20090 comments



മലയാളം ഇന്നോളം ചര്‍ച്ച ചെയ്‌തിട്ടില്ലാത്ത കഥ മികച്ച ത്രില്ലറൊരുക്കുവാനുള്ള അവസരം പുതുമുഖ സംവിധായകന്‍ സ്വാതി ഭാസ്‌കര്‍ കളഞ്ഞു കുളിച്ചു. പ്രേക്ഷകന്‍റെയും പ്രൊഡ്യൂസറുടേയും കറന്‍സി പാഴായി പോകും.

‘ദ്‌ മാന്‍ ഹൂ കോപ്പീഡ്‌’ എന്ന ബ്രസീലിയന്‍ ചിത്രത്തില്‍ നിന്നാണ്‌ സംവിധായകന് പ്രചോദനം ലഭിച്ചതെങ്കിലും കാലദേശങ്ങള്‍ക്ക്‌ അനുസൃതമായി പശ്ചാത്തലത്തിലും കഥാഗതിയിലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. യുക്തിഹീനമായ രംഗങ്ങളിലൂടെ സിനിമ വലിച്ചു നീട്ടാന്‍ ശ്രമിച്ചതാണ്‌ വിനയായത്‌. സിനിമ കാണാന്‍ തോന്നിപ്പിക്കുന്ന പോസ്‌റ്റര്‍ ഡിസൈന്‍ സിനിമയുടെ പ്രധാന മേന്മയായി കാണാം.

Story Line

വെറും 1400 രൂപ ശമ്പളത്തില്‍ ഫോട്ടോസ്‌റ്റാറ്റ്‌ കടയില്‍ ജോലിനോക്കുന്ന കേശു എന്ന കേശവമേനോന്‍റെ(ജയസൂര്യ) കഥയാണ്‌ കറന്‍സി പറയുന്നത്‌. അന്തര്‍മുഖനായ കേശുവിനെ അമ്മ പോലും മണ്ടനെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. തുണിക്കട ജീവനക്കാരി റോസ്‌ (മീര നന്ദന്‍ )കേശുവിന്‍റെ പ്രണയ സ്വപ്‌നമാണ്‌.

മുതലാളി ഇന്ദ്രസേനനോട്‌ (സുരാജ്‌ വെഞ്ഞാറമ്മൂട്‌)1000 രൂപ കടം ചോദിച്ചിട്ട്‌ കിട്ടുന്നില്ല. അന്ന്‌ തന്നെ കടയില്‍ കിട്ടുന്ന 1000 രൂപ നോട്ട്‌ ആയാളുടം ചിന്തകളെ കാടുകയറ്റുന്നു. കളര്‍ ഫോട്ടോസ്‌റ്റാറ്റ്‌ എടുത്ത്‌ കേശു ഒറിജിനലിനെ വെല്ലുന്ന വ്യാജനെ സൃഷ്ടിക്കുന്നു. എന്നാല്‍ പാവത്തിന്‌ കള്ളനോട്ട്‌ ചെലവാക്കാനുള്ള ചങ്കുറപ്പില്ല.

ഡാനി എന്ന പുരാവസ്‌തുവില്‌പക്കാരന്‌ (മുകേഷ്‌) ഒരിക്കല്‍ കേശു ഈ പണം കൈമാറുന്നു. എന്നാല്‍ കുറ്റബോധം കാരണം ഡാനിയോട്‌ സ്വന്തം തെറ്റ്‌ ഏറ്റു പറയുകയാണ്‌ കേശു. ഇതേ തുടര്‍ന്ന് ഡാനി കേശുവിനെ മുതലെടുക്കുന്നു. ഡാനിയുടെ ഭീഷണിക്ക്‌ മുന്നില്‍ കേശു കള്ളനോട്ടടിക്കാരനായി മാറുന്നു. റോസിന്‌ മുന്നില്‍ കളളത്തരം പിടിക്കപ്പെടുന്നു. എല്ലാ കള്ളത്തരവും അവസാനിപ്പിച്ച്‌ പുതു ജീവിതം തുടങ്ങാന്‍ ഡാനിയും കേശുവും ഇടുന്ന പുതിയ പദ്ധതി വീണ്ടും കുഴപ്പത്തിലേക്ക്‌ പോകുന്നു.

Presentation
സ്വാതിഭാസ്‌കറിന്‍റെ കന്നി സംരംഭം മലയാളിക്ക്‌ മുന്നില്‍ പുതിയ കഥാലോകമാണ്‌ അവതരിപ്പിക്കുന്നത്‌. എന്നാല്‍ തിരക്കഥയ്‌ക്ക്‌ കൈകുറ്റപ്പാടുകള്‍ തീര്‍ന്നിട്ടില്ല. മാന്‍ ഹു കോപ്പീഡിന്‍റെ ഘടന തന്നെയാണ്‌ അടിസ്ഥാനപരമായി കറന്‍സിക്കും ഉള്ളത്‌.

ബ്രസീലിയന്‍ ചിത്രത്തിലും നായകന്‍ ഫോട്ടോസ്‌റ്റാറ്റ്‌ കടക്കാരനും നായിക തുണിക്കടക്കാരിയും തന്നെ. കള്ളനോട്ട്‌ ചെലവഴിക്കാനും ഒടുവില്‍ വന്‍ പദ്ധതി തയ്യാറാക്കാനുമെല്ലാം ഡാനിയെ പോലൊരു സുഹൃത്തും ഉണ്ട്‌.

എന്നാല്‍ ലാറ്റിനമേരിക്കന്‍ ചിത്രം കേരളത്തിലേക്ക്‌ പറിച്ചു നട്ടപ്പോള്‍ മാറ്റത്തിന് വേണ്ടി വരുത്തിയ പരിഷ്കാരങ്ങള്‍ കുഴപ്പമുണ്ടാക്കുന്നു. സിനിമയുടെ മുറുക്കം നഷ്ടപ്പെട്ടുപോകുന്നു. യുക്തിക്ക്‌ നിരക്കാത്ത സന്ദര്‍ഭങ്ങളും ധാരാളം (സിനിമ ഇനിയും കാണാനുള്ളവരെ ഓര്‍ത്ത്‌ ഉദാഹരണങ്ങള്‍ പറയുന്നില്ല).

Conclusion

തിരക്കഥയുടെ ഈ പോരായ്‌മ ഒഴിവാക്കാനാകുമായിരുന്നെങ്കില്‍ മലയാളത്തിലെ ഡാര്‍ക്ക്‌ ത്രില്ലര്‍ സിനിമയാകാന്‍ കറന്‍സിക്ക്‌ കഴിയുമായിരുന്നു. മികച്ച ത്രില്ലര്‍ ഒരുക്കാനുള്ള ആദ്യ അവസരം തുലച്ച സംവിധായകനില്‍ നിന്ന്‌ ശരാശരി ചിത്രമാണ്‌ പുറത്തുവന്നത്‌. ഇതിവൃത്തത്തിന്‍റെ പുതുമ സാധാരണ പ്രേക്ഷകരെ ആകര്‍ഷിച്ചേക്കും.സിനിമയുടെ പൊതു സ്വഭാവത്തെ നശിപ്പിക്കുന്നവയാണ്‌ ഗാനങ്ങള്‍.


സിദ്ധാര്‍ത്ഥ്‌ വിപിന്‍റെ ഗാനങ്ങള്‍ വല്ലവന്‍ ഉള്‍പ്പെടെയുളള ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കേട്ടുമറന്നതാണ്‌. കഥാപാത്രങ്ങള്‍ക്ക്‌ അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നില്‍ തെറ്റുപറ്റിയിട്ടില്ല. എന്നാല്‍ മുകേഷിന്‍റെയും കലാഭവന്‍ മണിയുടേയും ഗെറ്റപ്പ്‌ പ്രൊഫഷണന്‍ നാടകങ്ങളെ ഓര്‍മ്മിപ്പിക്കും.

Last word

നനഞ്ഞ പടക്കം

review by ആശിഷ്
published in cinemakottaka.com
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger