ശുഭയാത്രക്ക് പാസഞ്ചര്‍

Sunday, May 10, 20091comments


പുത്തന്‍ കാഴ്‌ചകളുമായി ത്രില്ലടിച്ച്‌ യാത്രചെയ്യാന്‍ പുതുമുഖ സംവിധായകന്‍ രഞ്‌ജിത്‌ ശങ്കറിന്‍റെ പാസഞ്ചറിന്‌ കയറാം. വമ്പന്‍ സിനിമാക്കാരെല്ലാം ഹീന ചിത്രങ്ങളുമായി മത്സരിക്കാനെത്തുമ്പോള്‍ രഞ്‌ജിത്‌ ശങ്കറിന്‍റെ ആദ്യ ചിത്രം പുതുമുയുള്ള അനുഭവമാകുന്നു.

പാസഞ്ചറില്‍ ശുദ്ധവായു ശ്വസിച്ച്‌ യാദൃശ്ചികകാഴ്‌ചകള്‍ കണ്ട്‌ ത്രില്ലടിച്ച്‌ യാത്ര ചെയ്യാം. ലളിതമായ കഥ പാളം തെറ്റാതെ കൊണ്ടു പോകുന്നു. വിജയഫോര്‍മുലകളിലേക്ക്‌‌ വഴിതെറ്റുന്നില്ല. കഥാഗതി ഏറെക്കുറെ പ്രവചനാത്മകമാകുന്നെങ്കില്‍ പുതുമുഖ സംവിധായകന്‍റെ ഇളവ്‌ അനുവദിക്കപ്പെടാം.

Story line

ജോലിസ്ഥലത്തേക്കും വീട്ടിലേക്കും സ്ഥിരമായി സീസണ്‍ ടിക്കറ്റെടുത്ത്‌ യാത്രചെയ്യുന്ന ഇടത്തരക്കാരിലൂടെയാണ്‌ പാസഞ്ചര്‍ യാത്ര ആരംഭിക്കുന്നത്‌. ഇക്കൂട്ടത്തിലൊരാളാണ്‌ സത്യനാഥന്‍ (ശ്രീനിവാസന്‍)എന്ന നല്ല മനുഷ്യന്‍. നല്ല കൂട്ടുകാരനും നല്ല ഗൃഹനാഥനുമാണയാള്‍.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന അഭിഭാഷകനായ നന്ദന്‍ മോനോനും (ദിലീപ്‌) ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ ഭാര്യ അനുരാധയും (മംമ്‌ത മോഹന്‍ദാസ്‌) പാസഞ്ചറിലെ സ്ഥിരംയാത്രക്കാരാണ്‌. അഴിമതിക്കാരനായ ആഭ്യന്തരമന്ത്രി തോമസ്‌ചാക്കോയുടെ (ജഗതി) കണ്ണിലെ കരടാണ്‌ ഇവര്‍ രണ്ടുപേരും.

വീടിനടുത്ത സ്റ്റേഷനില്‍ ഇറങ്ങാതെ ഉറങ്ങിപോയ സത്യനാഥന്‍റെ ജീവിതത്തിന്‌ നാടകീയമാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. അഡ്വക്കേറ്റ്‌ നന്ദനും ആ ട്രയിനിലുണ്ട്‌. ആഭ്യന്തരമന്ത്രിയുടെ ഇടപെടലുകള്‍ അനുരാധ ഒളിക്യമാറയില്‍ പകര്‍ത്തുന്നതും ഈ സമയത്താണ്‌. നന്ദന്‍റേയും അനുരാധയുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീര്‍ത്തും അപരിചിതനായ സത്യനാഥന്‍ ശ്രമിക്കുന്നതോടെ പാസഞ്ചര്‍ ത്രില്ലര്‍ എക്‌സ്‌പ്രസായി മുന്നേറുന്നു.

Presentation

മലയാളത്തിലെ പ്രമുഖതാരങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവരുടെ താരമൂല്യത്തിന്‌ നേരെ മനപൂര്‍വ്വം തന്നെ കണ്ണടയ്‌ക്കുന്നതാണ്‌ പുതുമുഖ സംവിധായകനെ വ്യത്യസ്ഥനാക്കുന്നത്‌. സ്വയം തയ്യാറാക്കിയ തിരക്കഥയിലാണ്‌ സംവിധായകന്‍ വിശ്വാസം അര്‍പ്പിക്കുന്നത്‌.


ദിലീപിന്‍റെ സ്ഥിരം ജനപ്രിയ കോമഡി നമ്പരുകളോ, ശ്രീനി സ്‌റ്റൈല്‍ കുടുംബചിത്രങ്ങളോ മമംതയുടെ ഗ്ലാമറോ സംവിധായന്‍ പ്രയോജനപ്പെടുത്താന്‍ മെനക്കെടുന്നില്ല.

സംവിധായകന്‍ ആലോചിച്ച്‌ ഉറപ്പിച്ച കഥാപാത്രങ്ങളിലേക്ക്‌ ഇവരെ ഉള്‍കൊള്ളിക്കാനുള്ള തന്‍റേടം പുതുമുഖ സംവിധായകന്‍ പ്രകടിപ്പിച്ചത്‌ അഭിനന്ദിക്കപ്പെടേണ്ടകാര്യം തന്നെ.

വന്‍ പ്രകടനങ്ങള്‍ക്ക്‌ അവസരമില്ലെങ്കിലും വില്ലന്‍ വേഷത്തിലൂടെ ജഗതിയേയും സംവിധായന്‍ സ്ഥിരം ചട്ടക്കൂടില്‍ നിന്നും പുറത്തുകൊണ്ടു വരുന്നു. പ്രേക്ഷകരിലേക്ക്‌ ത്രില്ലര്‍ സിനിമയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ വെടിയൊച്ചകളോ സ്ലോമോഷനോ ആഡംബര വാഹനങ്ങളോ വരിവരിയായുള്ള താരങ്ങളുടെ നടത്തമോ വേണമെന്നില്ലെന്ന്‌ ഒരു സംവിധായകന്‌ ബോധ്യപ്പെടുന്നത്‌ മലയാള സിനിമയിലെ ഗുണപരമായ മാറ്റമാണ്‌.

അമിത സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി ലളിതമായാണ്‌ സംവിധായകന്‍ കഥപറയുന്നത്‌. പാട്ടോ ആക്ഷന്‍ രംഗങ്ങളോ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളോ ഇല്ല. കഥാപാത്രങ്ങളാകട്ടെ പരമാവധി ഡൗണ്‍ ടു എര്‍ത്തും. സിനിമയുടെ ഗുണപരമായ ഈ മാറ്റത്തെ അംഗീകരിക്കാനായാല്‍ പാസഞ്ചര്‍ പുതിയ അനുഭവമാകും.

ഇടവേളക്ക്‌ ശേഷം കഥമുന്നോട്ട്‌ കൊണ്ട്‌ പോകാന്‍ അല്‌പസ്വല്‌പം അസംഭവ്യ രംഗങ്ങള്‍ സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്‌. അതിമാനുഷനാകാന്‍ കഴിയാത്ത കഥാപാത്രങ്ങെളെ സഹായിക്കാനുള്ള സംവിധായകന്‍റെ ശ്രമം. അന്യന്‍റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന്‌ ആര്‍ദ്രതയുള്ള ഒരു മനുഷ്യന്‌ പിന്‍മാറാനാവില്ലെന്ന അടിക്കുറിപ്പോടെ ചിത്രം അവസാനിക്കുന്നു.


കഥയിലും തിരക്കഥയിലും അവതരണത്തിലും സ്വീകരിച്ച പുതുമ ക്യാമറ ചലനങ്ങളിലോ പശ്ചാത്തല സംഗീതത്തിലോ എഡിറ്റിംഗിലോ സ്വീകരിച്ചില്ല എന്നത്‌ ന്യൂനതയായി ചൂണ്ടികാട്ടാം.

Conclusion

നല്ല സിനിമ എടുക്കാനുള്ള ഒരു പുതുമുഖ സംവിധായകന്‍റെ നല്ല ശ്രമം പാസഞ്ചറില്‍ കാണാം. പേരുകേട്ട സംവിധായകരെല്ലാം ഫോര്‍മുല ചിത്രങ്ങളുടെ വൃത്തികെട്ട അനുകരണങ്ങളുമായി എത്തികൊണ്ടിരിക്കുമ്പോള്‍ ഈ ശ്രമം തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം. സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക്‌ പാസഞ്ചറിനെ ഒഴിവാക്കാം. ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌ രണ്ടു മണിക്കൂര്‍ ആകാംഷ നിറഞ്ഞ യാത്ര ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ പാസഞ്ചറിന്‌ ടിക്കറ്റെടുക്കാം.

Last Word


ലളിതസുന്ദര യാത്രക്ക്‌ പാസഞ്ചര്‍ ധാരാളം

review by ആശിഷ്
Share this article :

+ comments + 1 comments

May 10, 2009 at 6:00 PM

നല്ല അവലോകനം

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger