‘ഒരേകടല്‍’ ആര്‍ത്തിരമ്പുന്നു

Wednesday, September 12, 20072comments



മനുഷ്യബന്ധങ്ങളുടെ തിരയൊടുങ്ങാത്ത പ്രക്ഷുബ്ദതയാണ്‌ ‘ഒരേകടല്‍’‍. കാലം നിശ്ചയിച്ചു വച്ച ബന്ധങ്ങളുടെ അതിരുകള്‍ മാറ്റിവരയ്ക്കുന്ന കഥാപാത്രങ്ങള്‍ സദാചാരവാദികളുടെ നെറ്റി ചുളുപ്പിക്കും. അന്യപുരുഷനൊടൊപ്പം കിടക്ക പങ്കുവയ്ക്കുന്ന, അവന്‍റെ കുഞ്ഞിനെ വയറ്റില്‍ പേറുന്ന വിശ്വസ്തയല്ലാത്ത ഭാര്യയെ ന്യയീകരിക്കാനുള്ള ചങ്കൂറ്റം ശ്യാമപ്രസാദില്‍ നിന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല.
പാതിവ്രത്യമില്ലാത്ത പെണ്ണുങ്ങളെ കുറിച്ച്‌ വളരെ കാലത്തിന്‌ ശേഷം മലയാള സിനിമ സംസാരിക്കുന്നു.

മീരയുടെ ദീപ്തിയെ നിങ്ങള്‍ക്ക്‌ വിമര്‍ശിക്കാം കുറ്റപ്പെടുത്താം, എന്നാല്‍ അവളുടെ ഹൃദയനൊമ്പരത്തിന്‍റെ വിങ്ങലുമായല്ലാതെ തിയേറ്റര്‍വിടാനാകില്ല. പച്ചമണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മാനുഷിക കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമക്ക്‌ പണംമുടക്കാന്‍ ചങ്കുറപ്പുകാണിച്ച വിധ്യനും സംവിധായകന്‍ ശ്യമാപ്രസാദും നല്ല സിനിമയെ സ്നേഹിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല. വിശ്വാസ്യതകര്‍ച്ചയുടെ തിരകളില്‍പെട്ട്‌ ലക്‍ഷ്യം തെറ്റി തകരുന്ന കുടുംബമെന്ന പേടകത്തിന്‍റെ രക്തസാക്ഷികളാണ്‌ ചിത്രത്തില്‍ നിറയെ.
പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. എസ്‌ ആര്‍ നാഥന്‍റെ അരാജകമായ വ്യക്തിജീവിതമാണ്‌ സിനിമ. ലോകത്തിന്‍റെയും ഭാരതത്തിന്‍റെയും സാമ്പത്തികപുരോഗതിക്ക്‌ പുതിയ സൂത്രങ്ങള്‍ കണ്ടെത്തി കൈയ്യടി നേടുന്ന നാഥന്‍ എകാകിയുടെ അലസമായ മുഷിപ്പന്‍ ജീവിതമാണ്‌ നയിക്കുന്നത്‌. നാഥന്‍റെ അതേ ഫ്ലാറ്റിലെ തമസക്കാരനാണ്‌ ജയനും(നരേന്‍)ഭാര്യ ദീപ്തിയും(മീരജാസ്മിന്‍). തൊഴില്‍ രഹിതനായ ജയന്‍ ഭാര്യയെ പോറ്റാനുള്ള പരക്കം പാച്ചിലുമായി എല്ലായ്പ്പോഴും യാത്രയിലായിരിക്കും. ദീപ്തി നാഥനിലേക്ക്‌ അടുക്കുന്നു.

കാമം തീര്‍ക്കാനുള്ള വസ്തുവായി മാത്രം പെണ്ണിനെ കാണുന്ന, സ്ഥിരമായ ബന്ധങ്ങളില്‍ വിശ്വസിക്കാത്ത നാഥന്‌ അവള്‍ മറ്റൊരു പെണ്‍ശരീരം മാത്രമാണ്‌. തകര്‍ന്ന കുടുംബത്തിന്‍റെ രക്തസാക്ഷിയായ ബേല(രമ്യകൃഷ്ണന്‍)യുമായി മാത്രമാണ്‌ അയാള്‍ക്ക്‌ ദീര്‍ഘകാല ബന്ധമുള്ളത്‌. സ്ഥിരമായി ആരോടും അടുത്തബന്ധം സൂക്ഷിക്കാന്‍ ഭൂതകാലം അനുവദിക്കാത്തവരാണ്‌ ഇരുവരും.
എന്നാല്‍ വിരസമായ ദാമ്പത്യത്തില്‍ നിന്ന്‌ സാന്ത്വനം മാത്രമാണ്‌ ദീപ്തി ആഗ്രഹിച്ചത്‌. നാഥന്‌ പ്രണയം ശരീരത്തിന്‍റെ ആവശ്യം മാത്രമാണ്‌.മകനെ ആശുപത്രിയില്‍ എത്തിക്കാനും ഭര്‍ത്താവിന്‍റെ ജോലിക്കാര്യം ശരിയാക്കാനും തന്നെ തേടി എത്തുന്ന അവളെ അയാള്‍ക്ക്‌ ആവശ്യമുള്ളത്‌ കിടപ്പറയില്‍ മാത്രമാണ്‌. അയാളില്‍ അവള്‍ ആഗ്രഹിച്ച കാമുകനേ ഇല്ല. ഗര്‍ഭിണിയാകുന്ന ദീപ്തി നാഥാനാല്‍ പരിഹസിക്കപ്പെടുകയാണ്‌.
കാമുകന്‍റെ കുഞ്ഞിനെ വയറ്റില്‍ പേറി ഭര്‍ത്താവിന്‌ മുന്നില്‍ നല്ലഭാര്യ ചമായന്‍ ആ പാവം പെണ്ണിനാകുന്നില്ല. മനസിന്‍റെ താളം തെറ്റി ആശുപത്രിയിലാകുന്നു. വെറും സാധാരണക്കാരിയായി കരുതിയ ആ പെണ്ണ്‌ തനിക്ക്‌ ആരോ ആയിരുന്നു എന്ന്‌ നാഥന്‍ അപ്പോഴാണ്‌ തിരിച്ചറിയുന്നത്‌. ആദ്യമായി അയാള്‍ കാമുകനാകുന്നു. അപ്പോഴും ബന്ധങ്ങള്‍ ആകെ കലുഷിതമാണ്‌. എങ്ങനെയാണ്‌ ഒരു കുടുംബം അങ്ങനെ നിലനില്‍ക്കുക.

നാല്‌ കഥാപാത്രങ്ങള്‍ മാത്രമുള്ള മൂകമായ ഒരു ഫ്ലാറ്റിനുള്ളിലെ ജീവിതം ഹൃദയസ്പര്‍ശിയാക്കിയത്‌ കരുത്തനായ സംവിധായകന്‍റെ കരസ്പര്‍ശം മാത്രമാണ്‌. നടന്മാരില്‍ നിന്ന്‌ ഏറ്റവും കൃത്യതയാര്‍ന്ന പ്രകടനങ്ങള്‍ ഊറ്റി എടുക്കാറുള്ള ശ്യാം മമ്മൂട്ടിയേയും മീരയേയും നന്നായി ഉപയോഗിച്ചു.
വര്‍ണങ്ങള്‍ വാരിയൊഴിച്ച പ്രകൃതി ദൃശ്യങ്ങളോ, സുന്ദരിയായ നായികയുടെ ക്ലോസ്‌ അപ്‌ ഷോട്ടുകളോ അല്ല, വിരസവും അലസവുമായ നഗര ജീവിതം മാത്രമാണ്‌ അഴകപ്പന്‍റെ ക്യാമറ കാണിക്കുന്നത്‌. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ സ്വയം വിളിച്ചു പറയുന്നതാണ്‌ സിനിമയിലെ ഓരോ ഷോട്ടും. പുതിയ സിനിമയുടെ പ്രണേതാക്കള്‍ വേഗത്തിന്‌ വേണ്ടി ‘ഫാസ്റ്റ്‌ കട്ടു’കളുടെ പുറകേ പോകുമ്പോള്‍ ‘ഫേഡ്‌ ഇന്‍’ ഫലപ്രദമായി ഉപയോഗിച്ചിരിക്കുയാണ്‌ എഡിറ്ററായ വിനോദ്‌ സുകുമാരന്‍. കഥാപാത്രങ്ങളുടെ വിഹ്വലതകള്‍ പ്രേക്ഷകന്‍റെ മനസിലേക്ക്‌ സന്നിവേശിപ്പിക്കാനും പിരിമുറുക്കം കാത്തു സൂക്ഷിക്കാനും വിനോദിന്‌ കഴിഞ്ഞു. ഔസേപ്പച്ചന്‍റെ സംഗീതം സിനിമവിട്ടിറങ്ങുമ്പോഴും പിന്തുടരും.

ബംഗാളി നോവലിസ്റ്റ്‌ സുനില്‍ ഗംഗോപാദ്ധ്യായയുടെ ‘ഹീരക്‌ ദീപ്തി’ എന്ന നോവലിന്‍റെ ചലച്ചിത്രരൂപമായ ചിത്രത്തിന്‍റെ തിരക്കഥ തന്‍റേതാണെന്ന അവകാശവാദവുമായി കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ രംഗത്ത്‌ വന്നിരുന്നെങ്കിലും സിനിമ പുറത്ത്‌ വന്നതോടെ ആ വിവാദം അവസാനിച്ചിരിക്കുകയാണ്‌.
ബോക്സ്‌ ഓഫീസില്‍ വിജയത്തിനുള്ള മസാലകളൊന്നും ‘ഒരേകടലില്‍’ ഇല്ല. സാദാ കുടുംബപ്രേക്ഷകരെ ചിത്രം ഒരു പക്ഷേ അലോസരപ്പെടുത്തുകയും ചെയ്യും. എങ്കിലും ഓണചിത്രങ്ങളില്‍ ഒരേകടല്‍ മാത്രം മനസില്‍ ആര്‍ത്തിരമ്പുന്നു.

കടപ്പാട്: MSN MALAYALAM
Share this article :

+ comments + 2 comments

September 13, 2007 at 7:00 AM

ആ ബംഗാളി പുസ്തകം മലയാളത്തില്‍ ലഭിക്കും പേര് ‘ദീപ്തിമയി’ വിവര്‍ത്തനം എം പി കുമാരന്‍
പ്രസാധകര് ഗ്രീന്‍ ബുക്ക്സ്....വില 85ക.

September 21, 2007 at 7:13 AM

Nice review.. I loved this movie!

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger