ഐ ജി: ഒരു പോലീസ്‌ കഥ കൂടി

Saturday, April 4, 20091comments




എതിരാളിക്കൊരു പോരാളിയായി മറ്റൊരു പൊലീസ്‌ വേഷത്തില്‍ സുരേഷ്‌ഗോപി വരുന്നു. സുരേഷ്‌ ഗോപിയെ പോലീസ്‌ വേഷത്തില്‍ കണ്ട്‌ മതിയാകാത്തവര്‍ക്ക്‌ ബി ഉണ്ണികൃഷ്‌ണന്‍റെ ഐജി കാണാം.

സുരേഷ്‌ ഗോപിയുടെ സ്ഥിരം പോലീസ്‌ മാനറിസങ്ങള്‍ സമകാലിക സാമൂഹിക, തീവ്രവാദ, രാഷ്‌ട്രീയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഐ ജിയില്‍ വ്യത്യസ്‌തമായ ഒരു ശൈലി കൊണ്ടുവരാനോ പുതിയതായി എന്തെങ്കിലും പറഞ്ഞുവെക്കാനോ ബി. ഉണ്ണികൃഷ്‌ണന്‌ മെനക്കെടുന്നില്ല.

Credits

Story, Screenplay ,Director: B Unnikrishnan
Producer: Mahe
Music : M. Jayachandran
Lyricist: Gireesh Puthencherry
Cinematographer: Shyam Dutt
Editor: Manoj
Art Director: Boban
Cast: Suresh Gopi, Vijayaraghavan, Jagathy Sreekumar, Kiran Raj, Devan, Rajan P. Dev, Santhosh, Saikumar, Subair, Nandini, Lakshmi etc.

Story Line

കേരള തലസ്ഥാനത്തെ ഞെട്ടിച്ച രണ്ട്‌ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥ തുടങ്ങുന്നു. ചാലയില്‍ നിരവധി പേര്‍ മരിക്കുന്ന സ്‌ഫോടനവും ആഭ്യന്തര സെക്രട്ടറി സെക്രട്ടറിയേറ്റിനുള്ളില്‍ കൊല്ലപ്പെടുന്നതും ഇതേത്തുടര്‍ന്ന്‌ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റെ ചുമതല ട്രാഫിക്‌ ഐ.ജി ദുര്‍ഗാപ്രസാദിന്‌ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി (രാജന്‍ പി. ദേവ്‌), ഡി ജി പി (ദേവന്‍) യും ചേര്‍ന്ന്‌ നല്‍കുന്നു.

ദുര്‍ഗയുടെ പ്രാഥമികാന്വേഷണങ്ങളില്‍ തന്നെ വ്യവസായ പ്രമുഖനും രാഷ്‌ട്രീയ മാധ്യമ സ്വാധീനമുള്ളവനുമായ സ്‌കറിയ (ആശിഷ്‌ വിദ്യാര്‍ത്ഥി) യെ ചുറ്റിപ്പറ്റി നീങ്ങുന്നു. ഇദ്ദേഹത്തിന്‌ പോലീസിലുള്ള സഹായികളില്‍ കമ്മീഷണര്‍ (സുബൈര്‍) ഉള്‍പ്പെടെയുള്ളവര്‍ പെടും. കൂടാതെ രാജ്യാന്തര ബന്ധമുള്ള കൊടും തീവ്രവാദി യാസിര്‍ (ജോണ്‍) ഇദ്ദേഹത്തിന്‍റെ തണലില്‍ എല്ലാ സഹായവുമായുണ്ട്‌.

വ്യവസായ പ്രമുഖന്‍ വഴി യാസിറിലെത്താനും രാജ്യാന്തര തീവ്രവാദ ശൃംഖലയിലുള്ളവര്‍ വിവിധ ജാതിക്കാരായ നാട്ടുകാരുടെ സഹായത്തോടെ ഭീകരതയുടെ വിത്തുകള്‍ വിതയ്‌ക്കുന്നത്‌ തടയാനുമുള്ള ശ്രമത്തിലാണ്‌ ദുര്‍ഗയുടെ പിന്നീടുള്ള ഓരോ നീക്കവും. മുന്‍മന്ത്രിയും മലബാര്‍ ലീഗ്‌ നേതാവുമായ സാഹിബ്‌ (സായികുമാര്‍) അടക്കമുള്ള സാമ്പത്തിക, രാഷ്‌ട്രീയ ലാഭത്തിനായി മേല്‍പ്പറഞ്ഞ സംഘത്തിനൊപ്പം കൂടുന്നുമുണ്ട്‌.

ഇതിനിടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌ അതിനെ നിര്‍ജീവമാക്കാന്‍ പോലീസിനുള്ളില്‍ നിന്ന്‌ തന്നെയുള്ള ശ്രമങ്ങളെയും ദുര്‍ഗാപ്രസാദിന്‌ നേരിടേണ്ടി വരുന്നു. പിന്നീടങ്ങോട്ട്‌ സൈബര്‍ സെല്‍, മൊബൈല്‍ ട്രെയിനിംഗ്‌, എന്‍കൗണ്ടര്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ സ്‌ക്വാഡ്‌ തലവന്‍ തീവ്രവാദികളെയും ഇവര്‍ക്കൊപ്പമുള്ളവരെയും നിര്‍മാര്‍ജനം ചെയ്യുന്നു.

ഇതിനൊപ്പം ദുര്‍ഗയുടെ അമ്മയായി പഴയകാല നടി ലക്ഷ്‌മി, അനുജന്‍ വിനു (ഗോവിന്ദ്‌ പത്മസൂര്യ), വിനുവിന്‍റെ കാമുകിയും രാഷ്‌ട്രീയനേതാവ്‌ സാഹിബിന്‍റെ മകളുമായ ചാന്ദ്‌നി തുടങ്ങിയ കഥാപാത്രങ്ങളും രംഗത്ത്‌ വരുന്നുണ്ട്‌. വിജയരാഘവന്‍, ജഗതി തുടങ്ങിയവര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ സുരേഷ്‌ ഗോപിയുടെ കഥാപാത്രത്തിന്‌ മികച്ച പിന്തുണയുമായി രംഗത്തുണ്ട്‌.

Presentation

രണ്ടേകാല്‍ മണിക്കൂറുള്ള ചിത്രം മുമ്പ്‌ പല സുരേഷ്‌ ഗോപി ചിത്രങ്ങളും സഞ്ചരിച്ച വഴികളിലൂടെയാണ്‌ ആദ്യാവസാനം നീങ്ങുന്നത്‌. ദി ടൈഗര്‍ പോലുള്ള ചിത്രങ്ങള്‍ ബി. ഉണ്ണികൃഷ്‌ണന്‍റെ മനസില്‍ ഈ ചിത്രം പൂര്‍ത്തിയാക്കുന്നതുവരെ ഉണ്ടായിരുന്നെന്നും പ്രേക്ഷകര്‍ക്ക്‌ തോന്നിപ്പോകും. ബോറടിപ്പിക്കുന്ന ഇഴച്ചില്‍ ഇല്ലെന്നത്‌ മാത്രമാണ്‌ ആശ്വാസം.

വില്ലന്‍മാരെയും കേസിലെ പ്രതികളെയുമൊക്കെ ഏറെക്കുറെ സിനിമ തുടങ്ങുമ്പോഴോ ഉറപ്പിച്ചു തന്നെയാണ്‌ കഥയുടെ മുന്നോട്ടുപോക്ക്‌. എന്നാല്‍ ക്ലൈമാക്‌സിലെ സസ്‌പെന്‍സ്‌ മാത്രമാണ്‌ പുതുമയുടെ അംശം അല്‍പമെങ്കിലും കാഴ്‌ചക്കാര്‍ക്ക്‌ നല്‍കുന്നത്‌.

സമകാലിക രാഷ്‌ട്രീയ, സാമൂഹിക വിഷയങ്ങള്‍ മുന്‍കാല സുരേഷ്‌ ഗോപി വിജയചിത്രങ്ങളുടെ അച്ചില്‍ വാര്‍ത്തെടുക്കാനുള്ള ശ്രമം മാത്രമാണ്‌ തിരക്കഥയില്‍. അടുത്തിടെ ഏറെ ചര്‍ച്ചയായ ഭീകരാക്രമണങ്ങളും വിദേശബന്ധമുള്ള ഭീകരരെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രത്തിന്‍റെ മൂലകഥക്ക്‌ പ്രചോദനമായിട്ടുണ്ട്‌.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ന്യൂനപക്ഷ വിരുദ്ധമല്ലെന്നും തീവ്രവാദത്തിന്‌ മതമില്ലെന്നുമൊക്കെ സുരേഷ്‌ ഗോപിയുടെ കഥാപാത്രത്തിലൂടെ സംവിധായകന്‍ സന്ദേശമായി പറഞ്ഞുതരികയാണ്‌. പലതവണ സുരേഷ്‌ ഗോപിയുടെ പോലീസ്‌ നായകന്‍ പല സിനികളിലായി ഉന്നതോദ്യോഗസ്ഥരുടെ മുന്നില്‍ ആക്രോശിച്ച പല രംഗങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ദുര്‍ഗാപ്രസാദിന്‍റെ രൂപത്തില്‍ വീണ്ടും ഉണ്ണികൃഷ്‌ണന്‍ കാട്ടിത്തരുന്നുണ്ട്‌. പശ്ചാത്തല സംഗീതത്തിലും കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല.

Conclusion


സമൂഹോദ്ധാരണത്തിന്‌ ഇറങ്ങിത്തിരിച്ച സുരേഷ്‌ ഗോപിയുടെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെക്കൂടി കാര്യമായ ബോറടിയില്ലാതെ കണ്ടാസ്വാദിക്കണമെങ്കില്‍ ഐ.ജി കാണാം. അല്‍പ്പനേരം സസ്‌പെന്‍സിന്‍റെ ജിജ്ഞാസയുമുണ്ട്‌. അതല്ല, പുതുമകള്‍ തന്നെ വേണമെന്നുള്ളവരുണ്ടെങ്കില്‍, സോറി !

Last word

ഭരത്‌ചന്ദ്രന്‍ ഐപിഎസ്‌ പുതിയ രൂപത്തില്‍ !

review by
ആശിഷ്


courtesy: www.cinemakottaka.com
Share this article :

+ comments + 1 comments

April 5, 2009 at 11:12 PM

Very good review!! Ezhuthinte reethikku prethyeka aasamsakal.

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger