സാഗര്‍ ഏലിയാസ് ജാക്കി ഇരുപതാംനൂറ്റാണ്ടില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ ഞെട്ടിക്കും എന്ന പ്രതീക്ഷ തെറ്റിയിട്ടില്ല. മോഹന്‍ലാല്‍ 007ന്‍റെ സ്‌റ്റൈല്‍ കണ്ട് വേണമെങ്കില്‍ ഞെട്ടിക്കോണം. സിനിമയില്‍ കാര്യമായ കഴമ്പൊന്നും ഇല്ല.
പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ശേഷം അവതരിച്ചത് കൊണ്ട് തന്നെ ലാല്‍ ആരാധകര്‍ സാഗറിന്‍റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഏറ്റവും മോഡേണ്‍ വാഹനങ്ങളില്‍ പുതുപുത്തന്‍ സ്റ്റൈലുകളില്‍ ലാല്‍ ഫ്രെയിമിന് നെടുകേയും കുറുകേയും നടക്കുന്നതും വെടിവയ്‌ക്കുന്നതും ഉറ്റവര്‍ക്ക് വേണ്ടി പ്രതികാരം വീട്ടുന്നതുമാണ് ബിഗ് ബിയിലൂടെ വരവറിയിച്ച സംവിധായകന്‍ അമല്‍നീരദ് കാട്ടിത്തരുന്നത്. (അത്രേയുള്ളു, എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ എരിവും പുളിയും മാത്രമല്ല കഴമ്പും കുറവാണ്.)
Credits
Direction, Camera: Amal Neerad
Prodution: Antony perumbavor (Aasirvaad Cinema)
Distribution: Maxlab
Editing: Vivek Harsha
Cast: MohanLal,Bhavana, Shobhana, Jagathy Sreekumar, Nedumudi Venu, Manoj K Jayan, K B Ganesh Kumar, Suman, Vinayakan, etc
Story Line
ഇരുപതാം നൂറ്റാണ്ടില്‍ കസ്റ്റംസിന് വെട്ടിച്ച് സ്വര്‍ണ്ണം കടത്തികൊണ്ടാണ് സഗര്‍ ഏലിയാസ് ജാക്കി അവതരിച്ചതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗള്‍ഫ് പൊലീസിനെ വെട്ടിച്ച് വജ്രം കടത്തുകയാണ്,രാജ്യാന്തര കള്ളക്കടത്തുകാരന്‍ നൈനക്ക്(സുമന്‍) വേണ്ടി. നൈനയെ പോലും വരച്ച വരയില്‍ നിര്‍ത്തിയാണ് സാഗര്‍ പ്രതിഫലം പറ്റുന്നത്.
കേരളത്തില്‍ മുഖ്യമന്ത്രി (നെടുമുടി വേണു)യുടെ മരുമകന്‍ മനുവിനെ (മനോജ് കെ ജയന്‍) അധോലോകം തട്ടികൊണ്ടു പൊകുമ്പോള്‍ മനുവിന്‍റെ ഭാര്യ ഇന്ദു (ശോഭന) സഹായത്തിന് വിളിക്കുന്നതും സാഗറിനെയാണ്. രാജ്യാന്തര വിമാനം ചാര്‍ട്ട് ചെയ്‌താണ് സാഗര്‍ ബാല്യകാല സുഹൃത്തിനെ രക്ഷിക്കാനെത്തുന്നത്. സാഗറിനൊപ്പം ചാവാനും കൊല്ലാനും തയ്യാറായി നാല് യുവാക്കളും ഉണ്ട്.
അച്ഛന്‍റെ രാഷ്ട്രീയ പിന്തുടര്‍ച്ച തേടാന്‍ ആഗ്രഹിക്കുന്ന മകന്‍ ഹരി (കെ ബി ഗണേഷ് കുമാര്‍) സാഗറിനെതിരാണ്. ഗോവന്‍ അധോലോക രാജാവ് റൊസാരിയോ(സമ്പത്ത്) സഹോദരങ്ങളില്‍ നിന്ന് മനുവിനെ സാഗര്‍ രക്ഷിക്കുന്നു. പിന്നീട് റൊസാരിയോ കൂട്ടത്തേയും നൈനയേയും സാഗറിന് ഒരു പോലെ നേരിടേണ്ടി വരികയാണ്. ദൃശ്യമാധ്യമ പ്രവര്‍ത്തകയായ ആരതിമേനോന്‍ (ഭാവന) മുഖ്യമന്ത്രിക്കും സാഗറിനും തമ്മിലുള്ള ബന്ധം തേടി രംഗത്തെത്തുന്നു. നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് ആരതിയേയും സാഗര്‍ രക്ഷിക്കുന്നു. ഒടുവില്‍ ആരതി സാഗറില്‍ അനുരുക്തയാകുന്നു. എല്ലാ കുഴപ്പക്കാരേയും സാഗര്‍ ഒടുവില്‍ പാഠം പഠിപ്പിക്കുന്നു.
എണ്‍പതുകളുടെ അവസാനത്തില്‍ കേരളത്തിലെ കള്ളക്കടത്തുകാരുടെ കഥപറഞ്ഞ കെ മധുവിന്‍റെ ഇരുപതാംനൂറ്റാണ്ടിന്‍റെ പ്രമേയം പ്രേക്ഷകരെ ഹരംപിടിപ്പിച്ചിരുന്നു.
എന്നാല്‍ എസ് എന്‍ സ്വാമിക്കും അമല്‍നീരദിനും ഇക്കുറി അതിന് സാധിക്കുന്നില്ല.
Presentation
ഹോളിവുഡ് ചിത്രങ്ങള്‍ കണ്ട് കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും സ്‌റ്റൈലും ആക്ഷന്‍ സീക്വന്‍സുകളും ലൊക്കേഷനും എല്ലാം നിശ്ചയിച്ച ശേഷം തിരക്കഥ ഒരുക്കാന്‍ ശ്രമിച്ചതാണ് സാഗറിന്‍റെ പ്രശ്‌നം. കേരളത്തില്‍ നിന്ന് ഗള്‍ഫ് വരെയുള്ള ദൂരമെങ്കിലും ഡിസൈനര്‍ കോട്ടുകളും ലെതര്‍ ജാക്കറ്റും ധരിച്ച് മോഹന്‍ലാലും കൂട്ടുകാരും സ്ലോമോഷനില്‍ നടന്നുതീര്‍ക്കുന്നുണ്ട്.
സാഗര്‍ ഏലിയാസ് ജാക്കി ചിത്രമാണെങ്കില്‍ മാധ്യമപ്രവര്‍ത്തക, മുഖ്യമന്ത്രിയുടെ കുടുംബം എന്നിവ നിര്‍ബന്ധമാണെന്ന് തിരക്കഥാകൃത്ത് കരുതുന്നു. ഇരുപതാംനൂറ്റാണ്ടിലെ ജഗതിയുടെ അശോകന്‍ എന്ന കഥാപാത്രം വികൃതരൂപത്തില്‍ ചിത്രത്തിലും ആവര്‍ത്തിക്കുന്നു.
തെലുങ്ക് പറച്ചിലടക്കമുള്ള ജഗതിയുടെ നമ്പരുകളെല്ലാം ചീറ്റിപോകുകയാണ്. ഗാനരംഗങ്ങള്‍ മനോഹരമാണെങ്കിലും ചിത്രത്തില്‍ അവയ്‌ക്ക് യാതൊരു പ്രാധാന്യവും ഇല്ല. ജ്യോതിര്‍മയിയുടെ ഐറ്റം നമ്പര്‍ തകര്‍ന്നടിയുമ്പോള്‍ പ്രണയഗാനം (വെണ്ണിലവേ...) തമിഴ് ഗജിനിയിലെ ഗാനത്തെ അനുസ്‌മരിപ്പിക്കുന്നു.
ഷോട്ടുകളിലും ടേക്കിങ്ങ്‌സുകളിലും ശബ്ദമിശ്രണത്തിലും ആംഗിളികളിലും വിഷ്‌ണുവര്‍ദ്ധനന്‍റെ ബില്ലയുടെയും രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളുടേയും പാരമ്പര്യം സാഗറിന് അവകാശപ്പെടാനുണ്ട്. വൈഡ് ആംഗിള്‍ ലെന്‍സും, പ്രത്യേക കളര്‍ടോണ്‍ നിലനിര്‍ത്തിയുള്ള ഛായാഗ്രാഹണവും ശബ്ദത്തിന്‍റേയും വിഷ്വലുകളുടേയും ഷാര്‍പ്പ് കട്ടുകളും മലയാള ചിത്രത്തില്‍ പുതുമകളാണ്. ശക്തമായ തിരക്കഥയുടെ അഭാവം സാങ്കേതികമായ ഇത്തരം മുന്നേറ്റത്തെ താറുമാറാക്കുകയാണ്.
Conclusion
ലാലിന്‍റെ ആക്ഷന്‍ ചിത്രങ്ങളുടെ വിജയഘടകങ്ങളില്‍ പ്രധാനം ഉശിരന്‍ ഡയലോഗുകളാണ്. അമല്‍ നീരദ് അനാവശ്യ സംഭാഷങ്ങളെ ബോധപൂര്‍വ്വം വെട്ടിക്കുറച്ചിരിക്കുകയാണ്. പക്ഷെ ഡയലോഗുകള്‍ക്ക് പകരം വിഷ്വലുകളിലൂടെ കഥാപാത്രങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടില്ല.
മോഹന്‍ലാലിനെ വച്ച് ബിഗ് ബി പോലൊരു ചിത്രം ഒരുക്കാനാണ് ശ്രമം നടക്കുന്നത്. പ്ലോട്ടിന് യാതൊരു വളര്‍ച്ചയും ഉണ്ടാകാതെ വരുമ്പോള്‍ സാഗര്‍ തന്നെ വിജയിക്കും എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവും ഉണ്ടാകില്ല. സാഗര്‍ ഏലിയാസ് ജാക്കി ഒരു ബോറന്‍ ചിത്രമല്ല, എന്നാല്‍ അസഹ്യവും അല്ല. മലയാളം കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സിനിമയാകാന്‍ തലവരയുണ്ടായിരുന്ന ചിത്രം ശരാശരിയില്‍ മാത്രം എത്തിനില്‍ക്കുന്നു.
നായകന്‍റേയും വില്ലന്മാരുടേയും ഫാഷന്‍ പരേഡ് ഒഴിച്ചാല്‍ സിനിമയെ കുറിച്ച് മനസില്‍ ഒന്നും അവശേഷിക്കാതെ പ്രേക്ഷകര്‍ക്ക് തിയേറ്ററിന്‍റെ പടിയിറങ്ങേണ്ടി വരുന്നു.
Last word
'ഒരു കഥയും ഇല്ലന്നേയുള്ളു ഭയങ്കര സ്‌റ്റൈലാ!'
review by ആശിഷ്
+ comments + 2 comments
റിവ്യൂ നന്നായി.
എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നു മാത്രം...
:)
കൊള്ളാം റിവ്യു ..... പക്ഷെ ഒന്നുണ്ട് ബിഗ്ബിയും എനിക്ക് ഇഷ്ടപ്പെട്ട ഫിലിം ഒന്നും അല്ല ..അതൊരു മോഷണമല്ലേ 'ഫോര്‍ ബ്രതോര്‍ ' എന്ന ഇംഗ്ലീഷ് ഫില്മിന്റെ വക്കും മൂലയും അടിച്ചുമാറ്റി സ്റ്റോറി അതെ പടി പകര്‍ത്തി വച്ചതല്ലേ ബിഗ്ബി . അതായതു അതിനു വ്യക്തിത്വം അവകാശപെടനില്ല .. സഗരിനു പറ്റിയത് ശക്തമായ തിരക്കഥയുടെ അഭാവമായിരുന്നു . കുറച്ചു കഥ ഉണ്ടായിരുന്നെന്കില്‍ തീര്‍ച്ചയായും കളക്ഷന്‍ റെക്കോര്‍ഡ് തന്നെ . സാഗര്‍ അത്ര പോര എന്നിട്ട് കൂടി ബിഗ്ബി യുടെ എത്രയോ ഇരട്ടി കളക്ഷന്‍ ആണ് കിട്ടുന്നത് . ഫിലിം തീര്‍ച്ചയായും സൂപ്പര്‍ ഹിറ്റ് ആണ് . എന്നും മലയാളത്തില്‍ ജനക്കൂട്ടത്ത ആകര്‍ഷിക്കാന്‍ കഴിയുന്ന നടന്‍ മോഹന്‍ലാല്‍ തന്നെ .