ഹരിഹര്‍ നഗര്‍: ഉന്നം മറക്കാത്ത ചിരി

Saturday, April 4, 20092comments




വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാലംഗ ചിരിപ്പട ഹരിഹര്‍ നഗര്‍ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക്‌ പ്രായം കൂടിയിട്ടുണ്ടാകാം, എന്നാല്‍ ചിരിയുടേയും അബദ്ധങ്ങളുടേയും മൂര്‍ച്ചയ്‌ക്ക്‌ ഒട്ടും കുറവ്‌ വന്നിട്ടില്ല.

കഥാപാത്രങ്ങള്‍ മാത്രമല്ല, കഥയും ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയാകുമ്പോള്‍ ഒരു പാട്‌ നര്‍മ്മമുഹൂര്‍ത്തങ്ങളുമായി വിരസതയില്ലാതെ അവധിക്കാലം കൊണ്ടാടാന്‍ ഒരു ക്ലീന്‍ എന്‍റര്‍ടെയ്‌നറാണ്‌ ടു ഹരിഹര്‍നഗര്‍.

Credits

Story, Screenplay,Direction: Lal
Music : Alex Paul
Cast: Mukesh,Sidhique,Jagadish, Asokan, Lakshmi Rai

Story Line

വ്യത്യസ്‌തദേശങ്ങളില്‍ വ്യത്യസ്‌ത ജോലികളുള്ള പഴയ സുഹൃത്തുക്കള്‍ മഹാദേവന്‍ (മുകേഷ്‌), ഗോവിന്ദന്‍കുട്ടി (സിദ്ധിഖ്‌), അപ്പുകുട്ടന്‍ (ജഗദീഷ്‌) എന്നിവര്‍ തോമസുകുട്ടിയുടെ (അശോകന്‍) മനസമ്മതചടങ്ങിനായി വീണ്ടും ഹരിഹര്‍നഗറിലേക്ക്‌ എത്തുന്നു. ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളില്‍ നിന്ന്‌ അവധികിട്ടിയ പത്ത്‌ദിനങ്ങള്‍ പഴയതുപോലെ യുവാക്കളായി അടിച്ചുപൊളിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു.


ഇതാ വരുന്നു പുതിയ നായിക മായ (ലക്ഷ്‌മി റായി). പഴയ കഥയിലെ മായയുടെ പിന്നാലെ കൂടിയതു പോലെ നാല്‍വര്‍ സംഘം പുതിയ മായയുടെയും പിന്നാലെ കൂടുന്നു. ആദ്യ പകുതിയില്‍ കഥഗതി ചടുലമായാണ്‌ നീങ്ങുന്നത്‌. മായയുടെ പ്രീതി പിടിച്ചു പറ്റാനുള്ള ശ്രമങ്ങളും കുതന്ത്രങ്ങളും അബദ്ധങ്ങളുമൊക്കെയാണ്‌ ഇടവേളവരെ.


പിന്നെ കഥമാറുന്നു. മായ വഴി നാല്‍വര്‍ സംഘത്തിന്‍റെ വീട്ടില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നു.പഴയ വില്ലന്‍ ജോണ്‍ ഹോനായിയുടെ മകനായ ക്രിസ്‌റ്റി രംഗത്തത്തെത്തുന്നു. വില്ലന്‍റെ സങ്കേതത്തിലെ കൂട്ടത്തല്ലിലൂടെയും പ്രശ്‌നം തീരുന്നില്ല. ആദ്യ ക്ലൈമാക്‌സിന്‌ ശേഷം വീണ്ടും ഒരു ക്ലൈമാക്‌സ്‌ വരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കമെവിടെ നിന്നെന്ന്‌ നായകന്മാര്‍ അറിയുന്നത്‌ അവിടെ നിന്നാണ്‌-അവ കൂടി പരിഹരിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തീരുന്നു. ശുഭാന്ത്യം.

Presentation

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഹരിഹര്‍നഗറിന്‍റെ തുടര്‍ച്ചയാണ്‌ ടു ഹരിഹര്‍നഗറിന്‍റെ ആദ്യ പകുതിയെ സജീവമാക്കുന്നത്‌. ചെറുപ്പത്തില്‍ നാല്‍വര്‍ സംഘം കാട്ടികൂട്ടിയ കുസൃതികള്‍ പ്രായം കൂടിയിട്ടും അവരുടെ രക്തത്തില്‍ നിന്ന്‌ മായുന്നില്ലെന്ന്‌ സംവിധായകന്‍ തെളിയിക്കുന്നു. പ്രായത്തിന്‍റെ മാറ്റങ്ങള്‍ കൂട്ടുകാരുടെ ശരീരത്തില്‍ തെളിഞ്ഞു കാണാമെങ്കിലും ഇവരുടെ കോമ്പിനേഷന്‍ തമാശകളില്‍ യുവത്വം ഇപ്പോഴുമുണ്ട്‌. ജഗദീഷിന്‍റെ അപ്പുക്കുട്ടന്‌ സംവിധായകന്‍ പ്രായം കൂട്ടിയപ്പോള്‍ കൂടുതല്‍ മണ്ടനാക്കിയോ എന്ന്‌ തോന്നിപോകും.

പുതുമയുള്ള നര്‍മ്മമുഹൂര്‍ത്തങ്ങളൊന്നും ചിത്രത്തിന്‌ അവകാശപ്പെടാനില്ല, എന്നാല്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ വേണ്ടി ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ വേദനിപ്പിക്കുന്ന കോമഡികളോ ഒന്നും അവതരിപ്പിക്കുന്നില്ല. ആദ്യപകുതിയുടെ ചടുലത തന്നെയാണ്‌ ചിത്രത്തിന്‍റെ ജീവന്‍.

ഇടവേളവരെ സമ്പൂര്‍ണ്ണ കോമഡിയായ ചിത്രം രണ്ടാം പകുതിയില്‍ ഗൗരവമാകുന്നതാണ്‌ ശ്രദ്ധേയം. തിരക്കഥുടെ കെട്ടുറപ്പ്‌ ഈ മാറ്റത്തെ പ്രേക്ഷകനെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. വില്ലന്‍റെ സങ്കേതത്തിലെ കൂട്ടത്തല്ലിലൂടെ ക്ലൈമാക്‌സ്‌ കണ്ടെത്തുകയും അടി മാറി കൊള്ളുകയും ബോംബ്‌ മാറി എറിയുന്നതും എല്ലാം ഈ ചിത്രത്തിലുമുണ്ട്‌. ഇതാകട്ടെ പതിവില്‍ നിന്ന്‌ വിപരീതമായി അവസാനഭാഗം എത്തുന്നതിന്‌ മുമ്പ്‌ തന്നെ വരുന്നു. ഇവ എല്ലാം കഴിഞ്ഞതിന്‌ ശേഷമാണ്‌ യഥാര്‍ത്ഥ ക്ലൈമാക്‌സുമായി യഥാര്‍ത്ഥ വില്ലന്‍ കടന്നു വരുന്നത്‌. ഇത്‌ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

ടൈറ്റില്‍ കാര്‍ഡില്‍ പഴയ ഹരിഹര്‍ നഗറിലെ ശ്രദ്ധേയമായ രംഗങ്ങളിലൂടെ തുടങ്ങി , അതേ അനുഭവം പുതിയ കഥയിലും പകരാനാണ്‌ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്‌. പഴയ ചിത്രത്തിലെ രണ്ട്‌ ഗാനങ്ങള്‍ റീമിക്‌സ്‌ ചെയ്‌തപ്പോള്‍ പ്രത്യേക മികവൊന്നും കാണാനാകില്ലെങ്കിലും കഥാസന്ദര്‍ഭത്തില്‍ അവ ആസ്വാദ്യകരമാണ്‌. നായകന്മാര്‍ മധ്യവയസ്‌കരായെങ്കിലും മികച്ച എഡിറ്റിങ്ങ്‌ ചിത്രത്തിന്‍റെ യവ്വൗനം നിലനിര്‍ത്തുന്നു.

ഇന്‍ ഹരിഹര്‍ നഗറില്‍ നാല്‍വര്‍ സംഘം സൈക്കിളിന്‍റെ കാറ്റൂതിക്കുന്ന അപ്പഹാജയുടെ ചെറിയാന്‍ പുതിയ വരവില്‍ എസ്‌ ഐയാണ്‌. ഇത്തവണ ചെറിയാന്‍ നാല്‍വര്‍ സംഘത്തെ കൊണ്ട്‌ കാറ്റൂതിച്ച്‌ എസ്‌ ഐ പകരം വീട്ടുന്നു. ജോണ്‍ ഹോനായിയുടെ മകനായ ക്രിസ്‌റ്റി ശൈലിയിലും പെരുമാറ്റത്തിലും ഹോനായിയെ ഓര്‍മ്മിപ്പിക്കും. നായിക മായയെ അവതരിപ്പിച്ച ലക്ഷ്‌്‌മിറായി പ്രകടനം മോശമാക്കിയിട്ടില്ല. തുടക്കത്തിലും ഒടുക്കത്തിലും വന്നു പോകുന്ന അറ്റ്‌ലസ്‌ രാമചന്ദ്രനാണ്‌ ചിത്രത്തിലെ മറ്റൊരു 'തമാശ'

Conclusion

പഴയ ഹരിഹര്‍നഗറിലെ മധുരസ്‌മരണയോടെ സിനിമാശാലയിലെത്തുന്ന പ്രേക്ഷകര്‍ക്ക്‌ ആ പഴയ കുസൃതികൂട്ടുകാരെ രണ്ടാംഭാഗത്തിലും കണ്ടെത്താനാകും. ഹരിഹര്‍നഗറില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ കിട്ടും. ആദ്യ ചിത്രത്തിന്‌ ചീത്തപ്പേരുണ്ടാക്കിയില്ല എന്നതില്‍ സംവിധായകന്‍ ലാലിന്‌ ‌അഭിമാനിക്കാം.

Verdict

ചിരിച്ചുകൊണ്ടാഘോഷിക്കാം.

review by ആശിഷ്

courtesy: www.cinemakottaka.com
Share this article :

+ comments + 2 comments

April 4, 2009 at 8:38 PM

ഇത്തരം ചില വിജയങ്ങള്‍ മലയാള സിനിമയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്വു നല്‍കുമെന്ന് പ്രതീക്ഷിയ്ക്കാം...
:)

April 5, 2009 at 11:09 PM

താങ്കളുടെ റിവ്യൂസ് വളരെ ഫെയറും, നല്ല എഴുത്തും ആണു. കൂടുതല്‍ ആളുകള്‍ ഇതൊക്കെ വായിക്കാന്‍ ഇവിടെ വന്നിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു. ചിത്രവിശേഷം പോലുള്ള കൂത്തറ ടോട്ടലി ബയാസ്ഡ് റിവ്യൂസ് എഴുതുന്ന നിരൂപക കഴുവേറി മോന്മാര്‍ താങ്കളുടെ രീതി കണ്ടു പടിക്കേണ്ടിയിരിക്കുന്നു.

Post a Comment
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger