അഘോര സന്ന്യാസിയുടേയും മാഫിയകളുടെ കൈയ്യില്‍ അകപ്പെട്ട ഭിക്ഷാടകരുടേയും വികലാംഗരുടേയും ആരും കാണാത്ത കഥകളിലേക്ക് യാഥാര്‍ത്ഥ്യ സ്‌പര്‍ശമുള്ള എത്തിനോട്ടമാണ് ‘നാന്‍കടവുളി’ലൂടെ ബാല നടത്തിയിരിക്കുന്നത്.
പ്രമേയ സ്വീകരണം കൊണ്ട് തന്നെ സിനിമ പ്രാധാന്യം അര്‍ഹിക്കുന്നു. മധുരത്തില്‍ പൊതിഞ്ഞ കാഴ്‌ചകളല്ല ബാല കാട്ടിത്തരുന്നത്. എല്ലാം ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളാണ്. പ്രാകൃത യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുമ്പോള്‍ മുന്‍ ചിത്രങ്ങളിലില്ലാത്ത വിധം ബാലക്ക് കൈ വിറച്ചോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Credits
Producer: Sivasree Sreenivasan
Story,Director: Bala
Music Director: Illayaraja
Lyricist: Vaali
Cinematographer: Arthur Wilson
Art Director: Krishnamurthy
Screenplay Writer: Jayamohan
Cast: Arya, Pooja, Devaraj, Rajendran, Azhagm Thamizhmani
Story Line
ചെറുപ്പത്തിലേ കൈവിട്ടു പോയ മകനെ തേടി പിതാവും മകളും കാശിയില്‍ എത്തുകയാണ്. ജാതക ദോഷം ഭയന്ന് 14 വര്‍ഷം മുമ്പ് മകനെ കാശിയില്‍ ഉപേക്ഷിച്ചതാണ്. അവര്‍ തേടിയെത്തുമ്പോള്‍ മകന്‍ പരുക്കനായ ആഘോരസന്ന്യാസി രുദ്രനായി (ആര്യ) മാറിയിരുന്നു. ഗുരുവിന്‍റെ ആശിര്‍വാദം തേടി അവര്‍ രുദ്രനെ വീട്ടിലേക്ക് കൊണ്ടു പോകുന്നു.
വീട്ടിലെത്തിയെങ്കിലും രുദ്രന്‍ കാശിയിലെ ആഘോരശൈവ ലോകത്താണ് ജീവിക്കുന്നത്. ഭിക്ഷക്കാരും വികലാംഗരും തങ്ങുന്ന ക്ഷേത്രങ്കണത്തിലാണ് അയാളുടെ വാസം. നാട്ടിലെ ഭീക്ഷാടന മാഫിയയിലേക്ക് കഥ പിന്നീട് തിരിയുകയാണ്.
അന്ധഗായിക അംശവല്ലി (പൂജ) പ്രകൃതരായ ആ മനുഷ്യകൂട്ടങ്ങള്‍ക്കിടയില്‍ ദുരിത ജീവിതം നയിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള ഭീക്ഷാടന മാഫിയ അവരെ വിലക്കെടുക്കാന്‍ വരുകയാണ്. അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് പിന്നീട് സിനിമയെ സജീവമാക്കുന്നത്.
Presentation
സേതു, നന്ദ, പിതാമഹന്‍ തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയില്‍ നാന്‍ കടവുളിലൂടെ ബാല ഇന്ത്യന്‍ സിനിമ ഇന്നോളം കാണാത്ത പരുക്കന്‍ ലോകമാണ് വെളിപ്പെടുത്തുന്നത്. നമുക്കു ചുറ്റും ഉണ്ടായിരുന്നിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്നവരുടെ ജീവിതം.
കാശിയിലെ അഘോര ശൈവ സന്ന്യാസിമാരേയും തെക്കേ ഇന്ത്യയിലെ ഭിക്ഷാടകരേയും ഒരേ നൂലില്‍ കോര്‍ത്തിണക്കുമ്പോള്‍ സിനിമയുടെ ശില്‌പഘടനയില്‍ ചില പാളിച്ചകള്‍ കാണാനാകും. തമിഴ് സിനിമയിലെ നിലവിലുള്ള താരസങ്കല്‍പത്തേയും സിനിമ തകിടം മറിക്കുന്നു. നായകനെ ചുറ്റിപറ്റിയല്ല കഥ പുരോഗമിക്കുന്നത്. സിനിമയുടെ ചില നിര്‍ണ്ണായ ഘട്ടങ്ങളിലും നായകന് സാന്നിധ്യമില്ല.
അഘോര ശൈവരുടെ ശാരീരിക ചേഷ്ടകള്‍ ദീര്‍ഘനാളത്തെ പരീശീലനത്തിലൂടെ തന്മയത്വത്തോടെ ആര്യ അവതരിപ്പിക്കുന്നുണ്ട്. ആദ്യാവസാനം നായക കഥാപാത്രത്തിന് ഒരേ ഭാവം തന്നെയാണുള്ളത്. ക്രമാനുഗതമായ പാത്രവളര്‍ച്ച ഇല്ല എന്ന പോരായ്‌മ ചൂണ്ടികാട്ടാനുമാകും. എന്നാല്‍ പൂജയുടെ അംശവല്ലിക്ക് നിര്‍ണ്ണായകമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് തന്നെയാണ് തുടക്കത്തില്‍ രുദ്രനെ അവതരിപ്പിക്കുന്നത്. ഇളയരാജ ഒരുക്കിയ ഓം ശിവോഹം എന്ന രുദ്രകീര്‍ത്തനം സിനിമയുടെ ഹൈലൈറ്റാണ്.
നാട്ടിലെ ഭിക്ഷാടനമാഫിയയെ ചിത്രീകരിക്കുന്നതിനായി യഥാര്‍ത്ഥ ഭീക്ഷാടകരെ തന്നെയാണ് സംവിധായകന്‍ വിനിയോഗിച്ചിരിക്കുന്നത്. ക്രൂരതയുടെ താണ്ഡവമാണ് അവിടെ അരങ്ങേറുന്നത്. ഇതിനിടെ ചിലപ്പോള്‍ മാത്രമാണ് രുദ്രന്‍ എത്തുന്നത്.
മലയാളിയായ ഭിക്ഷാടന മാഫിയ തലവന്‍ അംശവല്ലിയെ വിരൂപനായ ലക്ഷാധിപതിക്ക് വില്‍ക്കാന്‍ തുനിയുമ്പോള്‍ രുദ്രന്‍ രക്ഷയ്‌ക്കെത്തുന്നു. നായകനേയും നായികയേയും കഥയില്‍ ബന്ധിപ്പിക്കുന്ന ഏക വഴിത്തിരിവ് ഇതുമാത്രമാണ്.ബാലയുടെ സംവിധായക മികവ് വെളിപ്പെടുത്തുന്നവയാണ് ഈ രംഗങ്ങള്‍. ഭിക്ഷാടന മാഫിയയെ കുറിച്ച് വിവരിക്കുമ്പോഴുണ്ടാകുന്ന ഇഴച്ചില്‍ അവസാന രംഗങ്ങളുടെ മികവില്‍ അപ്രസക്തമാകുന്നു. അംശവല്ലിയെ എല്ലാ ദുരിതങ്ങളില്‍ നിന്നും മരണത്തിലേക്ക് മോചിപ്പിക്കുകയാണ് രുദ്രന്‍.
ആര്യക്കും പൂജക്കും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളാണ് ബാല നല്‌കുന്നത്. വൈകല്യമുള്ളവരുടെ ജീവിതം മെലോഡ്രാമയില്‍ കുഴച്ച് വഷളാക്കി കാട്ടുന്ന വിനയനെ പോലുള്ളവര്‍ക്ക് ചിത്രം ഒരു പാട് പാഠങ്ങള്‍ നല്‌കുന്നുണ്ട്.
ദീര്‍ഘനാളത്തെ ഗൃഹപാഠത്തിലൂടെ ബാല എടുത്ത ചിത്രമായത് കൊണ്ട് തന്നെ സാങ്കേതികമായ എല്ലാ മേഖലകളിലും ചിത്രം മികച്ചു നില്‌കുന്നു. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഛായാഗ്രഹണം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ആര്‍തര്‍ വില്‍സന്‍റെ ഓരോ ഫ്രയിമും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
മധുബാലകൃഷ്‌ണന്‍ ആലപിച്ച “പിച്ചൈപാത്രം..” എന്ന ഗാനവും മികച്ചതാണ്. ലൗകികാസക്തികളില്‍ നിന്ന് മനുഷ്യന് മോക്ഷം നല്‌കാന്‍ കെല്‍പുള്ള ഈശ്വരസാന്നിധ്യമായാണ് ആഘോരസന്ന്യാസിമാരെ ബാല അവതരിപ്പിക്കുന്നത്.
Conclusion
ബാലയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് പറയാനാവുന്നില്ലെങ്കിലും ഇന്നോളം സിനിമാക്കാരുടെ ശ്രദ്ധയില്‍ പെടാത്ത ജീവിതത്തിലേക്കാണ് ബാല കൂട്ടികൊണ്ടു പോകുന്നത്. സിനിമയുടെ പ്രമേയത്തിലും വന്യമായ കാഴ്‌ചകളിലും നിങ്ങള്‍ക്ക് ഒരു പക്ഷേ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഈ ചിത്രത്തെ അവഗണിക്കാനാകില്ല.
Last word
തീര്‍ച്ചയായും കാണേണ്ട ചിത്രം
review by ആശിഷ്
courtesy: www.cinemakottaka.com
+ comments + 1 comments
നന്നായിരിക്കുന്നു...ഇനിയും പുതിയ പോസ്റ്റുകൾ ഇടുക....