ഗിമ്മിക്കുകളുടെ ‘റെഡ്‌ചില്ലീസ്‌’

Wednesday, February 18, 20090 comments



മോഹന്‍ലാല്‍ ആരാധകര്‍ക്ക്‌ മുന്നില്‍ 'അലിഭായി'യുടെ കണക്ക്‌ തീര്‍ക്കുകയാണ്‌ സംവിധായകന്‍ ഷാജി കൈലാസ്‌. മോഹന്‍ലാല്‍ പറയുന്നതും ഷാജി കൈലാസ്‌ കാണിക്കുന്നതും കണ്ണും അടച്ച്‌ വിശ്വസിക്കാന്‍ തയ്യാറായി തിയേറ്ററില്‍ കയറിയാല്‍ 'റെഡ്‌ ചീല്ലീസ്‌' നിരാശപ്പെടുത്തില്ല.

Credits

Producer: M. Ranjith
Director: Shaji Kailas
Story,Screenplay r: A.K. Sajan
Music : M. Jayachandran
Lyricist: Gireesh Puthencherry
Cinematographer: Shaji
Editor: Samjith
Art Director: Gireesh Menon
Cast: Mohanlal, Biju Menon, Siddique, Thilakan, Jagadeesh, Ganesh, Vijayakumar, Manianpillai Raju, Biju Pappan, Sukumari etc.

Story Line

ഒ എം ആര്‍ (മോഹന്‍ലാല്‍) സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ ബിസിനസ്‌ രാജാവ്‌. കേരളത്തിലും സിംഗപ്പൂരിലും ബിസിനസ്‌ സാമ്രാജ്യം. അദ്ദേഹത്തിന്‍റെ കേരളത്തിലെ എഫ്‌.എം നെറ്റ്‌ വര്‍ക്കിലെ റേഡിയോ ജോക്കികളാണ്‌ റെഡ്‌ചില്ലീസ്‌ എന്ന 9 സുന്ദരികള്‍. പുതുവര്‍ഷത്തലേന്ന്‌ ആഘോഷങ്ങള്‍ കഴിഞ്ഞെത്തുമ്പോള്‍ അവരുടെ ജീവിതം മാറിമറിയുന്നു.


വീട്ടില്‍ ആണൊരുത്തന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. അവരുടെ കാറിടിച്ച്‌ റോഡരികില്‍ സമരപ്പന്തലില്‍ ഉറങ്ങിക്കിടന്നിരുന്ന പത്ത്‌ പേര്‍ കൊല്ലപ്പെടുന്നു. എല്ലാറ്റിനും പുറകില്‍ അഹങ്കാരികളായ ഈ പെണ്ണുങ്ങളാണെന്ന്‌ വാര്‍ത്ത പരക്കുന്നു. സുന്ദരികള്‍ ഒളിവില്‍ പോകുന്നു.



ഒടുവില്‍ ബിസിനസ്‌ സാമ്രാജ്യത്തിന്‍റെ സല്‍പ്പേര് കാക്കാനും ശത്രുവിനെ കണ്ടെത്താനും ഒ എം ആര്‍ കൊച്ചിയിലെത്തുന്നു. ചടുലമായ മുന്നേറ്റങ്ങളിലൂടെ നായകന്‍ വിജയം കണ്ടെത്തുന്നു.

Presentation


പരിചയപ്പെടുന്നവര്‍ക്കെല്ലാം ദൈവതുല്യനും ബുദ്ധിരാക്ഷസനും ബിസിനസുകാരനുമായ നായകന്‍ സിനിമ തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ വെള്ളിത്തിരയില്‍ എത്തുന്നുണ്ട്‌. തിരക്കഥാകൃത്ത്‌ എ.കെ.സാജനും സംവിധായകന്‍ ഷാജി കൈലാസും ചേര്‍ന്ന്‌ മുന്‍ ചിത്രം ‘ചിന്താമണി കൊലക്കേസ്‌’ ബുദ്ധിപരമായി മാറ്റിയെഴുതിയിരിക്കുകയാണ്‌ ‘റെഡ്‌ ചില്ലീസില്‍’. ചിന്താമണിയില്‍ തല തെറിച്ച മിര്‍ച്ചി ഗേള്‍സിന്‍റെ പേരിലുള്ള ആരോപണം തെറ്റാണെന്നു തെളിയിക്കുന്നതാണ്‌ നായകന്‍റെ ദൗത്യം. റെഡ്‌ ചില്ലീസിലും അതുതന്നെ.


സ്ഥിരം ഷാജി കൈലാസ്‌ ഗിമ്മിക്കുകള്‍ വേണ്ടുവോളം റെഡ്‌ ചില്ലീസിലുണ്ട്‌. സമകാലീന രാഷ്ട്രീയ പ്രശ്‌നങ്ങളും പദപ്രയോഗങ്ങളും സംഭവങ്ങളും സിനിമയില്‍ ചേര്‍ത്തു എന്നതാണ്‌ മറ്റൊരു സവിശേഷത. നായകനായ ഒ.എം.ആറിനെ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞ വിവാദനായകന്‍ ഫാരിസ്‌ അബൂബേക്കറിനെ പ്രേക്ഷകര്‍ക്ക്‌ ഓര്‍മ്മ വരും!. തിലകന്‍ അവതരിപ്പിക്കുന്ന മാണി വര്‍ഗീസ്‌ എന്ന കമ്യൂണിസ്റ്റുകാരന്‍ ‘വികസന വിരുദ്ധ’നെന്നും ‘കാലഹരണപ്പെട്ടവനെന്നും’ മുദ്രകുത്തപ്പെട്ട്‌ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ആളാണ്‌. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍റെ പ്രേതഛായ.

ഹൈന്ദവ ബിംബങ്ങളെ വാരികോരി നിറച്ച്‌ ഫ്രയിം വര്‍ണ്ണാഭമാക്കുന്ന ശൈലി സംവിധായകന്‍ ഉപേക്ഷിച്ചിട്ടില്ല. ഇക്കുറി വിപ്ലവപാര്‍ട്ടിയേയും സംവിധായകന്‍ ഫ്രയിം ബ്യൂട്ടിക്കായി ഉപയോഗിച്ചിട്ടുണ്ട്‌. സ്ഥിരം വാര്‍പ്പ്‌ മാതൃകയില്‍ മറ്റൊരു ത്രില്ലര്‍ സൃഷ്ടിക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്‌. അമിത പരീക്ഷണങ്ങള്‍ക്ക്‌ മുതിര്‍ന്നിട്ടില്ല.


ഒ എം ആറിനെ മഹത്വവത്‌കരിക്കുന്നതിന്‍റെ ഭാഗമായി പൂജാമുറിയില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണ്ണകായ ചിത്രം വച്ചിരിക്കുന്നത്‌ അല്‌പം കടന്ന കൈയ്യായിപോയി. ഒ എം ആറിന്‌ മുന്നില്‍ മറ്റ്‌ കഥാപാത്രങ്ങളെല്ലാം പകച്ചു നില്‍ക്കുകയാണ്‌. നായകനുമുന്നില്‍ പകച്ചു നില്‍ക്കുന്ന സ്ഥിരം കമ്മീഷണറായി സിദ്ധിക്കും മറ്റ്‌ പൊലീസ്‌ ഉദ്യോഗസ്ഥരായി ഗണേശ്‌ കുമാറും വിജയകുമാറും എല്ലാം ഉണ്ട്‌.


തിലകന്‍ അവതരിപ്പിച്ച സഖാവ്‌ മാണിക്കും സ്റ്റാലിനെ അവതരിപ്പിക്കുന്ന ബിജു മേനോനും മാത്രമാണ്‌ വേറിട്ടു നില്‍ക്കുന്നത്‌.


ചില്ലീസിനെ രക്ഷിക്കാന്‍ കോട്ടിട്ട്‌ കോടതിയില്‍ വരാന്‍ പോലും തയ്യാറാകുന്ന നായകന്‍ കോടതിയില്‍ നിരത്തുന്ന ന്യായങ്ങള്‍ മല എലിയെ പ്രസവിക്കുന്നത്‌ പോലെയാണെങ്കിലും സ്‌റ്റൈലിന്‌ ഓട്ടും കുറവില്ല. ഒരു ഷാജി കൈലാസ്‌‌ ആക്ഷന്‍ ചിത്രത്തില്‍ ഇത്തരം യുക്തികള്‍ തിരയുന്നതില്‍ കാര്യമില്ല.

conclusion

മോഹന്‍ലാല്‍ ആരാധകരെ ഒരു നിമിഷം പോലും ചിത്രം ബോറടിപ്പിക്കില്ല എന്നതാണ്‌ സംവിധായകന്‍ നേടിയിരിക്കുന്ന വിജയം. സൂപ്പര്‍സ്റ്റാര്‍ കെട്ടിഎഴുന്നെള്ളിപ്പ്‌ ചിത്രങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കാന്‍ പോലും കഴിയാതെ കൂപ്പുകുത്തുമ്പോള്‍ ഷാജി കൈലാസ്‌ അക്കാര്യത്തില്‍ വിജയിക്കുന്നു എന്ന്‌ സമ്മതിക്കണം. അലിഭായിയില്‍ ഷാജി കൈലാസിന്‌ അതിന്‌ കഴിഞ്ഞിരുന്നില്ല.


‘ഒന്നും മറക്കില്ല രാമ’ എന്ന പഞ്ച്‌ ഡയലോഗ്‌ ആരാധകരെ രസിപ്പിക്കുന്നുണ്ട്‌‌. മാധ്യങ്ങളില്‍ ഓടി മറഞ്ഞ സംഭവങ്ങളിലൂടെ ഒരോട്ടപ്രദക്ഷണം നടത്തി എന്തോ വലിയ കാര്യം സാധിച്ചു എന്ന ആവേശത്തോടെ രണ്ടര മണിക്കൂര്‍ കഴിഞ്ഞ്‌ പുറത്തു വരുമ്പോള്‍ കറുത്ത സ്യൂട്ടില്‍ സ്‌റ്റൈലായി നടക്കുന്ന മോഹന്‍ലാല്‍ മാത്രം കാണും പ്രേക്ഷകന്‍റെ മനസില്‍.

Last word

“ലാലേട്ടന്‍ വലിയ സംഭവമാണ്‌, കാശ്‌ മൊതലാവും !!”

review by ആശിഷ്
courtesy www.cinemakottaka.com
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger