യുവാക്കള്‍ക്കുള്ള വെറും ഗുണപാഠകഥയ്‌ക്ക് അപ്പുറമൊന്നുമില്ലെങ്കിലും 'ഇത് ഞങ്ങളുടെ ലോകം' തീര്‍ത്തും യുവത്വം നിറഞ്ഞ സിനിമയാണ്. യുവതയുടെ നിറമുള്ള സ്വപ്‌നങ്ങളുടെ ലോകം. ദുര്‍ബ്ബലമെന്ന് ആര്‍ക്കും തോന്നാവുന്ന കഥാതന്തുവിനെ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിച്ച് വിജയിപ്പിക്കാനുള്ള വൈദഗധ്യമാണ് തെലുങ്ക് സംവിധായകരുടെ മികവ്.
മലയാളി സംവിധായകര്‍ പുച്ഛിച്ച് തള്ളിയേക്കാവുന്ന സോദ്ദേശ്യ കഥയെ ഭാഷയുടെ അതിരുകള്‍ മായ്‌ച്ചു കളഞ്ഞ് കേരളയുവത്വത്തിനും ആസ്വദിക്കാന്‍ പാകത്തിന് ഒരുക്കുന്നത് ചെറിയകാര്യമല്ല.
Credits
Producer: Khader Hassan
Direction: Srikanth Addala
Banner: Redakh Arts
Music: Mickie J. Mayor
Cinematography: Chota K Naidu
Cast: Varun Sandesh, Swetha Prasad, Prakashraj, Brahmanandam, Jayasudha.
Story Line
ഇടത്തരക്കാരനായ കച്ചവടക്കാരന്‍ കഷ്‌ണമൂര്‍ത്തി (പ്രകാശ് രാജ്)യുടേയും വീട്ടമ്മയായ ഭാര്യ (ജയസുധ)യുടേയും മകനാണ് ബാലു (വരുണ്‍ സന്ദേശ്). തെറ്റ് ചെയ്യാന്‍ പോലും ഉള്ള സ്വാതന്ത്ര്യം നല്‌കിയാണ് അവര്‍ ഏക മകനെ ലാളിച്ചു വളര്‍ത്തിയത്. കോളെജിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനി സ്വപ്‌ന (ശ്വേത പ്രസാദ്)യുമായി ബാലു പ്രണയത്തിലാകുന്നു. തങ്ങള്‍ക്ക് ഉള്ളത് പ്രണയമോ അതോ വെറും ആകര്‍ഷണം മാത്രമോ എന്നറിയാന്‍ അവര്‍ തങ്ങളുടേതായ (വിചിത്രമായ) പരീക്ഷണങ്ങളും നടത്തുന്നു. പതിവു പോലെ നായികയുടെ ക്രൂരനായ അച്ഛന്‍ അവളെ വീട്ടു തടങ്കലിലാക്കുന്നു. വീട്ടുകാര്‍ക്ക് കൊടുത്തവാക്കു പാലിക്കാനും പ്രണയിനിയെ തിരിച്ചു പിടിക്കാനുമുള്ള ബാലുവിന്‍റെ ശ്രമങ്ങളാണ് പിന്നീട്.
Presentation
കൗമാര പ്രണയമെന്നതാണ് മലയാളത്തില്‍ ഡബ്ബു ചെയ്യപ്പെട്ടെത്തുന്ന മിക്ക തെലുങ്ക് ചിത്രങ്ങളുടേയും കഥാതന്തു. തെന്നിന്ത്യന്‍ ഹിറ്റുകളായ ബൊമ്മരില്ലു, ഹാപ്പി ഡെയ്‌സ്, പുരുഗു തുടങ്ങിയ ചിത്രങ്ങള്‍ തുറന്ന വഴിയിലൂടെ തന്നെയാണ് ഈ ചിത്രവും നീങ്ങുന്നത്. കുട്ടികളുടെ ലോകവും മാതാപിതാക്കളുടെ സങ്കല്‌പവും തമ്മിലുള്ള സംഘര്‍ഷമാണ് പ്രതിപാദിക്കുന്നതെങ്കിലും ചിത്രീകരിക്കപ്പെടുന്നത് വര്‍ണ്ണാഭമായ കാഴ്‌ചകളായിരിക്കും. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ കുറുക്കുവഴിയിലൂടെ സംവിധായകന്‍ ഉത്തരവും നല്‌കും.
പ്രണയകാര്യത്തില്‍ സ്ഥിരം ഗവേഷണം നടത്തുന്നവരാണ് തെലുങ്ക് സംവിധായകര്‍. പറഞ്ഞു വച്ച കാര്യങ്ങള്‍ കൗമാര പ്രേക്ഷകര്‍ക്ക് വേണ്ടി പുതുതായി എങ്ങനെ പറയാം എന്നകാര്യത്തില്‍ അവര്‍ സ്ഥിരം പുതിയ വഴികള്‍ വെട്ടിത്തുറക്കുന്നു. ചപലമായ യുക്തികളാണ് മിക്കയിടത്തും പ്രയോഗിക്കുന്നതെങ്കിലും ‘ടാര്‍ജറ്റ് ഓഡിയന്‍സി’നിടെയില്‍ അവ ക്ലിക്ക് ചെയ്യപ്പെടുന്നുണ്ട്.
അതിഭാവുക സന്ദര്‍ഭങ്ങള്‍ കൈവിട്ടു പോകാതെ സിനിമയില്‍ തുന്നിച്ചേര്‍ക്കാന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകന്‍ ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ഹാപ്പിഡെയ്‌സില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ ജീവിതമാണ് വിഷയമായതെങ്കില്‍ ഇതില്‍ ഇന്റര്‍മീഡിയറ്റുകാലത്തെ പ്രണയമാണ് വിഷയം.
ഹാപ്പി ഡെയ്‌സില്‍ നിന്ന് ഇത് ഞങ്ങളുടെ ലോകത്ത് എത്തുമ്പോള്‍ നടനെന്ന നിലയില്‍ വരുണിന്‍റെ വളര്‍ച്ചയും കാണാനാകും. സ്വപ്‌ന എന്ന കഥാപാത്രത്തിന് അനുയോജ്യയായ കുട്ടിത്തം നിറഞ്ഞ സൗന്ദര്യം നായിക ശ്വേതയ്‌ക്ക് ഉണ്ട്. മിക്കി ജെ മേയര്‍ ഹാപ്പിഡെയ്‌സിന് ശേഷം സംഗീതം നല്‌കിയ ഗാനങ്ങള്‍ മലയാളത്തിലും ശ്രദ്ധിക്കപ്പെടുന്നു.
മലയാളത്തിലെത്തുമ്പോള്‍ സംഭവിക്കാവുന്ന മൊഴിമാറ്റ പ്രശ്‌നങ്ങള്‍ പരമാവധി ലഘൂകരിച്ചാണ് നിര്‍മ്മാതാവ് ഖാദര്‍ ഹസ്സന്‍ കൊത്ത ബംഗാരുലോകത്തെ ഇതു ഞങ്ങളുടെ ലോകമാക്കി മാറ്റിയിരിക്കുന്നത്. സിനിമയില്‍ ചുവരെഴുത്തുകള്‍ വരെ തെലുങ്കില്‍ നിന്നും മലയാളവത്‌കരിക്കാനുള്ള ശ്രമം ശ്രദ്ധേയമാണ്.
Conclusion
തെലുങ്ക് സിനിമകളുടെ സ്ഥിരം പൈങ്കിളി യുക്തികളില്‍ നിന്ന് വ്യത്യസ്‌തമായി സിനിമയില്‍ ഒന്നുമില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന കാമ്പസ് പ്രേക്ഷകര്‍ തൃപ്‌തരാണ്. അവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പാട്ടും പ്രണയവും ഉപദേശവും വ്യക്തിത്വ വികസന തന്ത്രങ്ങളും എല്ലാം അടങ്ങിയ ഒരു പാക്കേജ്. യുവ പ്രേക്ഷകരെ മനസില്‍ കാണാതെ സിനിമ എടുക്കുന്ന ശരാശരി മലയാളി സിനിമാക്കാര്‍ക്കുള്ള വെല്ലുവിളിയെന്നോണം ഈ തെലുങ്ക് സിനിമക്കും കാര്യമായ പ്രചരണങ്ങളൊന്നും ഇല്ലാതെ ആദ്യ ദിവസം തന്നെ തിയേറ്റര്‍ നിറയ്‌ക്കാനായി. എന്തെല്ലാം അപാകതകള്‍ ചൂണ്ടികാണിക്കാനുണ്ടെങ്കിലും മലയാളി യുവത്വം പോലും ഇഷ്ടപ്പെടുന്ന എന്തോ ചിലത് ഇത്തരം ചിത്രങ്ങളില്‍ ഉണ്ട്.
Last word
കാമ്പസ് സ്‌പെഷ്യല്‍
review by
ആശിഷ്
courtesy: cinemakottaka.com