`ഈ പറക്കും തളിക'യുടെ ഹാങ്‌ഓവറില്‍ നിന്ന് വിട്ടുമാറാത്ത സംവിധായകന്‍ താഹ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയേയും സുരാജ് വെഞ്ഞാറമ്മൂടിനേയും ചേര്‍ത്തുവെച്ച് ഒരു തട്ടിക്കൂട്ട് കോമഡി ചിത്രം സൃഷ്‌ടിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ദയനീയ പരാജയമാണ് ഹെയ്‌ലസാ.
കഥാഗതി
വളംകടി മാധവന്റെ (വിജയരാഘവന്‍) വളര്‍ത്തുമകനായ കൃഷ്‌ണന് (സുരേഷ് ഗോപി) ഒരു തല്ലുകേസുമായി ബന്ധപ്പെട്ട് നാട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടി വരുന്നു. നഗരത്തില്‍ ധനികനായ ഗണപതി (ലാലു അലക്‌സ്)യുടെ വീട്ടില്‍ സഹായിയായി കൃഷ്‌ണനും സുഹൃത്ത് ഉല്‌പലാക്ഷനും (സുരാജ്) കൂടുന്നു.
ചെറുപ്പത്തിലേ കാമുകിയേയും മകളേയും നഷ്‌ടപ്പെട്ട ഗണപതിക്ക് അവരെ കണ്ടെത്തി നല്‍കാമെന്നേറ്റ് ഇവര്‍ തട്ടിപ്പുകാരിയായ ശാലു (മുക്ത)വിനെ മകളായി വീട്ടിലെത്തിക്കുന്നു. പിന്നീട് ഈ കള്ളത്തരങ്ങള്‍ മറച്ചുവെക്കാനും ഗണപതിയെ സംരക്ഷിക്കാനുമായി കൃഷ്‌ണനും കൂട്ടുകാരനും ചെയ്‌തു കൂട്ടുന്ന വിക്രിയകളാണ് കഥയെ നയിക്കുന്നത്.
അവതരണം
പറക്കും തളിക പോലൊരു സൂപ്പര്‍ ഹിറ്റ് പ്രതിക്ഷിച്ചാണ് താഹ പഴകിയ സ്ഥിരം കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടിയതെങ്കില്‍ ഇക്കുറി തെറ്റി. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും പോലെ പ്രേക്ഷകരും വിഡ്‌ഢികളായിരിക്കുമെന്നു കരുതിയാണ് ഹെയ്‌ലസ പടച്ചുവിട്ടതെന്നു വ്യക്തം.
സുരേഷ് ഗോപിയെ കോമഡിക്കോലം കെട്ടിക്കാനുള്ള പെടാപ്പാട് ആക്ഷന്‍ ഹീറോയുടെ ആരാധകരെ വിഷമിപ്പിക്കും. `കിച്ചാമണി എം ബി എ'യില്‍ സുരേഷ് ഗോപി ചെയ്‌ത കോമഡി വേഷം ഇതുമായി താരതമ്യം ചെയ്‌താല്‍ നൂറിരട്ടി മികച്ചതാണെന്ന് വിലയിരുത്തേണ്ടി വരും.
കോമഡി ചിത്രങ്ങളില്‍ സാധാരണയുള്ള വിജയകരമായ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതില്‍ തന്നെ ആദ്യമേ സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ടു. ദിലീപ് -ഹരിശ്രീ അശോകന്‍, മോഹന്‍ലാല്‍-ജഗതി പോലുള്ള കോമഡി കൂട്ടുകെട്ട് ഒരിക്കലും സുരേഷ് ഗോപി-സുരാജ് ടീമില്‍ നിന്ന് ആരും പ്രതീക്ഷിക്കണ്ട.
തട്ടിക്കൂട്ടു കഥയായതുകൊണ്ടു തന്നെ കൃത്യമായ ഒരു തിരക്കഥയും ചിത്രത്തിനില്ല. സുരാജിന്‍െയും കൊച്ചിന്‍ ഹനീഫയുടെയുമൊക്കെ മലയാള സിനിമ തുടങ്ങിയ കാലം മുതലുള്ള നിക്കര്‍ ഊരിപ്പോകുന്നതും, കിണറ്റില്‍ വീഴുന്നതും, സോപ്പ് വെള്ളം തലയില്‍ വീഴുന്നതും, സ്‌ത്രീവേഷം കെട്ടുന്നതുമായ ``നര്‍മ്മ'' രംഗങ്ങള്‍ അസഹ്യമെന്നേ പറയാനാവൂ.
ചിത്രത്തില്‍ കാര്യബോധമുള്ള കഥാപാത്രങ്ങളായി ആരെയും അവതരിപ്പിച്ചിട്ടില്ല. എന്തുപറഞ്ഞാലും വിശ്വസിക്കുന്ന മണ്ടന്‍മാരാണ് മിക്കവരും. നായികയുടെ കഥയില്‍ എന്തൊക്കെയോ ദുരൂഹതയുണ്ടെന്നു തോന്നിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് അങ്ങിനെ തോന്നില്ലെന്നതും ഉറപ്പാണ്.
സംഘട്ടനരംഗങ്ങള്‍ക്ക് മുമ്പ് നായകന് രക്തം തിളക്കുന്നതും ആവേശമുണ്ടാകുന്നതും കാണിക്കാന്‍ ഉപയോഗിക്കുന്ന ഗ്രാഫിക്‌സ് ചിത്രത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്. ഇതിനെല്ലാം പുറമെ ശരീരമാസകലം പ്ലാസ്റ്റര്‍ ചുറ്റി നായകനും സംഘവും ക്ലൈമാക്‌സില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ഭേദം. മൂന്നു ഗാനരചയിതാക്കളുടെ പേര് ടൈറ്റിലില്‍ കാണിക്കുന്നുണ്ടെങ്കിലും പാട്ടെന്ന് തോന്നുന്ന ഒന്നും സിനിമയില്‍ കാണുന്നില്ല.
ഭരതവാക്യം
അസഹ്യം
Direction: Thaha
Story, Script: Thaha and Saji Damodar
Cast: Suresh Gopi, Muktha, Suraj Venjaramoodu, Thilakan, Lalu Alex, Vijayaraghavan, Cochin Haneefa, P Sreekumar, Bheeman Raghu, Tony etc
Lyrics: Anil Panachooran, Sibu Chakravorthy and Rajeev Alumkal
Music: Ouseppachan
Camera: Vipin Mohan
Producer: Jagadheesh Chandran
Banner: Kichu films
review from ആശിഷ്
courtesy: www.cinemakottaka.com