അച്ഛനും മകനും തരക്കേടില്ല !

Monday, February 2, 20090 comments


ജീവിതത്തിലെ അച്ഛനും മകനും സിനിമയിലും അച്ഛനും മകനുമായി എത്തുന്നത്‌ മാത്രമല്ല 'മകന്റെ അച്ഛന്റെ' കൗതുകം. കാലിക പ്രസക്തമായ വിഷയം നര്‍മ്മത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്നു, ചില പരുക്കുകളോടെ !


CREDITS
Producer: G.P. Vijayakumar
Director: V M Vinu
Script : Samjad Narayanan
Lyrics: Kaithapram Damodaran Namboothiri, Anil Panachooran
Music: M Jayachandran
Camera: Manoj Pillai
Banner: Sevan Arts Films
Cast: Sreenivasan, Suhasini, Vineeth Sreenivasan, Thilakan, Jagathy Sreekumar, Janardanan, Varada, Bindu Panikar, Sreelatha Namboodiri etc.


കഥാഗതി


മകന്‌ എന്‍ട്രന്‍സ്‌ നേടണമെന്ന മോഹവുമായി കോച്ചിംഗ്‌ സെന്ററില്‍ പരിശീലനത്തിന്‌ വിടുന്ന അച്ഛന്‍. എന്‍ട്രന്‍സ്‌ മോഹത്തേക്കാള്‍ സംഗീതമോഹമുള്ള മകന്‍. ഇവര്‍ക്കിടയില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നറിയാതെ വിഷമിക്കുന്ന അമ്മ. ഈ മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ്‌ `മകന്റെ അച്ഛന്റെ' കഥ നീങ്ങുന്നത്‌.


വില്ലേജ്‌ ഓഫീസര്‍ വിശ്വനാഥന്റെ (ശ്രീനിവാസന്‍) മകനാണ്‌ മനു (വിനീത്‌ ശ്രീനിവാസന്‍). ഏതുവിധേനയും മകനെ എന്‍ട്രന്‍സ്‌ പരീക്ഷ വിജയിപ്പിക്കണമെന്ന മോഹമാണ്‌ വിശ്വനാഥന്‌. ഇതിനായി ലക്ഷങ്ങള്‍ മുടക്കി കോച്ചിംഗ്‌ സെന്ററില്‍ ചേര്‍ക്കുകകുയം മകന്റെ മറ്റു കലാവാസനകള്‍ക്ക്‌ തടയിടുകയും ചെയ്യുന്നുണ്ട്‌.


കൂടാതെ എപ്പോഴും മകന്‍ പഠനത്തില്‍ ശ്രദ്ധക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ ഊണിലും ഉറക്കത്തിലും പിന്നാലെയുമുണ്ട്‌. ഇത്രയൊക്കെ ചെയ്‌തിട്ടും മകന്‍ എന്‍ട്രന്‍സ്‌ നേടാതാവുമ്പോള്‍ അച്ഛനും മകനും തമ്മില്‍ ഇടയുന്നു. പെട്ടന്നുള്ള വികാരവിക്ഷോഭത്തില്‍ തന്നെ തല്ലുന്ന പിതാവിനെ വെല്ലുവിളിച്ച്‌ മകന്‍ വീടുവിട്ടിറങ്ങുന്നു. അച്ഛന്റെയും മകന്റെയും മാനസികാവസ്ഥയും പ്രശ്‌നപരിഹാരവും മറ്റുമാണ്‌ പിന്നീടുള്ള കഥ. ഇതിനിടെ ഭക്തിമാഫിയായെയും ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്‌.


അവതരണം


ഏറെ കാലിക പ്രസക്തവും കുടുംബസദസ്സുകളെ സിനിമാശാലകളിലേക്ക്‌ ആകര്‍ഷിക്കാന്‍ പോന്നതുമായ വിഷയമാണ്‌ വി എം വിനു ചിത്രത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. കൂടാതെ ശ്രീനിവാസന്‍-വിനീത്‌ കെമിസ്‌ട്രിയും ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ആദ്യപകുതിയില്‍ അച്ഛന്‍-മകന്‍ തമാശകളും തര്‍ക്കങ്ങളുമൊക്കെയായി പ്രേക്ഷകരെ പിടിച്ചു നിര്‍ത്താനാവുന്നുണ്ട്‌. (`ഇഷ്‌ട'ത്തിലും `അച്ചുവിന്റെ അമ്മ'യിലുമൊക്കെ കണ്ട രീതിയിലുള്ളതാണെങ്കില്‍പ്പോലും) കഥാപാത്രങ്ങളായി ശ്രീനിവാസനും വിനീതും സുഹാസിനിയുമെല്ലാം മികച്ച പ്രകടനവും കാഴ്‌ചവെക്കുന്നുണ്ട്‌. പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും കഥ ചടുലമായി നീങ്ങുന്നുമുണ്ട്‌.


വില്ലേജ്‌ ഓഫീസിലും വീട്ടിലും വിശ്വനാഥന്റെ സഹായിയായ പ്യൂണ്‍ കൃഷ്‌ണന്‍കുട്ടിയായി സലിംകുമാറും മികച്ചു നില്‍ക്കുന്നു. സ്ഥിരം കോമാളി പരിവേഷമില്ലാത്ത പക്വതയുള്ള വേഷമാണിത്‌.


ഇടവേളക്കുശേഷമാണ്‌ ചിത്രം തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും പിടിവിട്ടുപോകുന്നത്‌. എന്‍ട്രന്‍സ്‌ നഷ്‌ടപ്പെട്ട മനു വീടുവിട്ടുപോയി പണിയെടുത്തു ജീവിച്ചുതുടങ്ങുമ്പോള്‍ കഥ ഭക്തിമാഫിയയിലേക്ക്‌ തിരിയുകയാണ്‌. സ്വാമി ഹിമവന്‍ ചൈതന്യയായി ജഗതി ശ്രീകുമാറാണ്‌ എത്തുന്നത്‌. കൈക്കൂലി വാങ്ങാത്ത ആദര്‍ശധീരനായ വിശ്വനാഥനെ ഭൂമാഫിയയും ഭക്തിമാഫിയയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്‌. ഇതിനിടെ അടുത്തിടെ കേരളത്തില്‍ നടന്ന ഭക്തിമാഫിയയുടെ തട്ടിപ്പുകളും മറ്റും ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രത്തിലൂടെ സ്‌ക്രീനിലെത്തുന്നുണ്ട്‌.


ഒടുവില്‍ ഭക്തിമാഫിയയെ ഒതുക്കിയശേഷം യഥാര്‍ത്ഥ കഥയിലേക്ക്‌ തിരക്കഥാകൃത്തും സംവിധായകനും മടങ്ങിവരുന്നതാണ്‌ ക്ലൈമാക്‌സിനെ അരോചകമാക്കുന്നത്‌. ഒടുവില്‍ മനുവിന്റെ സംഗീതമോഹവും റിയാലിറ്റി ഷോയും ഒക്കെയായി കഥ ശുഭപര്യവസാനി ആകുന്നു.


കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ബാലേട്ടന്‍, വേഷം തുടങ്ങിയ ചിത്രങ്ങളില്‍ ഉപയോഗിച്ചത്ര `മെലോഡ്രാമ' `മകന്റെ അച്ഛനി'ല്‍ ഉപയോഗിച്ചില്ലെന്നത്‌ ആശ്വാസമാണ്‌. എന്നാല്‍ ചിത്രത്തില്‍ പുതിയതായി യാതൊന്നും നല്‍കാനോ ഹൃദയത്തില്‍ തട്ടുന്ന രംഗങ്ങള്‍ ഒരുക്കാനോ ആയിട്ടുമില്ല. പ്രസക്തമായ രണ്ടു വിഷയങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്‌തു എന്നതാണ്‌ എടുത്തുപറയാന്‍ ആകെയുള്ള മേന്മ.


അവസാനവാക്ക്‌


കണ്ടിരിക്കാം.


ആശിഷ്‌

കടപ്പാട്: സിനിമാ കൊട്ടക ഡോട്ട് കോം
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger