കളേഴ്‌സിന്‌ നിറമില്ല !

Sunday, February 1, 20090 comments




സിനിമയുടെ ഒരു മേഖലയിലും 'കളേഴ്‌സ്‌' പ്രേക്ഷകനെ അതിശയിപ്പിക്കുന്നില്ല, ശരാശരിയ്‌ക്ക്‌ താഴെയുള്ള പ്രകടനം മാത്രം. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തും തിയേറ്ററില്‍ പൈസകൊടുത്തു ചെല്ലുന്ന പാവം പ്രേക്ഷകരെ വിഡ്‌ഢിയാക്കുന്ന തട്ടിക്കൂട്ട്‌ സിനിമകളില്‍ ഒരെണ്ണംകൂടി.


സംവിധാനം : രാജ്‌ബാബു
അഭിനേതാക്കള്‍ : ദിലീപ്‌, റോമ, ഭാമ, വിനുമോഹന്‍, ശരണ്യ
തിരക്കഥ : വി.സി അശോക്‌
സംഗീതം : സുരേഷ്‌ പീറ്റര്‍


കഥാഗതി



മിലിട്ടറി പശ്ചാത്തലത്തില്‍ ഊട്ടിയില്‍ ചിത്രീകരിച്ച `കളേഴ്‌സി'ല്‍ ലെഫ്‌റ്റനന്റ്‌ കേണല്‍ ഡോ.രാജലക്ഷ്‌മി (ശരണ്യ)യുടെ പെണ്‍മക്കളായ പൂജ (ഭാമ), പിങ്കി (റോമ) എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റി കഥ നീങ്ങുന്നു. പൂജ അച്ചടക്കവും അനുസരണയും പക്വതയുമുള്ള നല്ല മകളായപ്പോള്‍ പിങ്കി ആണ്‍പിള്ളാരുടെ സ്വഭാവമുള്ള തലതെറിച്ച പെണ്ണാണ്‌. ഇവരുടെ മുത്തച്ഛനായി ഇന്നസെന്റുമുണ്ട്‌.


മിലിട്ടറി ആശുപത്രിയിലെ മരുന്ന്‌ അഴിമതി ഡോ. രാജലക്ഷ്‌മി കണ്ടുപിടിക്കുന്നതോടെ അവിടത്തെ ഒരു ജീവനക്കാരന്‍ ശത്രുവാകുന്നു. ഇയാള്‍ ആദ്യം അനുനയിപ്പിച്ചും പിന്നീട്‌ ഭീഷണിപ്പെടുത്തിയും രാജലക്ഷ്‌മിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. പിന്നീട്‌ ഡോ.രാജലക്ഷ്‌മിയുടെ കുടുംബസുഹൃത്തായ ലെഫ്‌റ്റനന്റ്‌ കമാന്റ്‌ സജീവ്‌ (ദിലീപ്‌) ഇവരുടെ കുടുംബത്തിലേക്ക്‌ കടന്നുവരുന്നു. ഇതുവഴിയുണ്ടാകുന്ന മാറ്റങ്ങള്‍, ആശുപത്രിയിലെ ശത്രുവിന്റെ പ്രതികാരം തുടങ്ങിയവയിലൂടെ രണ്ടാം പകുതിയുടെ കഥ നീങ്ങുന്നു. ഇടക്ക്‌ കുറച്ചു സെന്റിമെന്റ്‌സ്‌, ഫ്‌ളാഷ്‌ബാക്ക്‌ എന്നിവയിലൂടെ പതിവ്‌ ശുഭാന്ത്യം.


അവതരണം



പറഞ്ഞു പഴകിയ കഥ അറുബോറന്‍ തിരക്കഥയുടേയും ഒട്ടും പുതുമയില്ലാത്ത സംവിധാനത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. നായിക പിങ്കിയുടെ കുട്ടിക്കളികളാലും ഒപ്പമുള്ള തമാശാ വിദഗ്‌ധരുടെ `നര്‍മ്മമുഹൂര്‍ത്ത'ങ്ങളാലും നിറച്ചിരിക്കുകയാണ്‌ ആദ്യപകുതി. തന്റേടിയായ പെണ്‍കുട്ടിയായുള്ള റോമയുടെ പ്രകടനം അവരുടെ പല മുന്‍കാല ചിത്രങ്ങളുടേയും ആവര്‍ത്തനമായി. മാത്രമല്ല, ഇത്തവണ അസഹ്യവും. ഇതിനൊപ്പം ചേരാത്ത ഡബ്ബിംഗും കൂടിയായപ്പോള്‍ ആ കഥാപാത്രത്തിന്റെ ഗതി അധോഗതി.


ഒട്ടും കാമ്പില്ലാത്ത കഥാപാത്രമാണെങ്കിലും നാളുകള്‍ക്കു ശേഷം ഡോ. രാജലക്ഷ്‌മിയായി മലയാളത്തിലുള്ള പ്രകടനം ശരണ്യ മോശമാക്കിയില്ല. ഡോ.രാജലക്ഷ്‌മിയുടെ ആശുപത്രിയിലെ മരുന്ന്‌ അഴിമതി കണ്ടുപിടിക്കുമ്പോഴേ പ്രേക്ഷകര്‍ക്കറിയാം വെറുതെ ഒരു വില്ലനെ ചിത്രത്തില്‍ ഉണ്ടാക്കിയെടുക്കാനാണ്‌ ഇതെല്ലാമെന്ന്‌. ഇടക്കിടെ ഭീഷണിയുമായി വില്ലന്‍ സജീവമാണ്‌. പൂജ എന്ന കഥാപാത്രത്തിന്‌ ചിത്രത്തില്‍ ഒന്നും ചെയ്യാനില്ല. പക്വതയുള്ള കഥാപാത്രമാക്കാനായി ഭാമയെ കണ്ണാടിയും സാരിയും ധരിപ്പിച്ച്‌ ഇടക്കിടെ ഫ്രെയിമിലൂടെ നടത്തുമെന്നു മാത്രം.


നായിക കഥാപാത്രമായ പിങ്കി ജോലി ചെയ്യുന്ന ടി വി ചാനലിലെ കാമറാമാന്‍ രാഹുല്‍ എന്ന കഥാപാത്രമായി എത്തുന്ന വിനുമോഹന്‌ ആദ്യപകുതിയില്‍ വെച്ച്‌ കുറച്ച്‌ സ്‌ക്രീന്‍ സ്‌പെയിസ്‌ ലഭിക്കുന്നുണ്ടെങ്കിലും കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത കഥാപാത്രമായി. ഒപ്പം തന്നെ കോമഡിക്കായി ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്‌, കൊച്ചിന്‍ഹനീഫ എന്നിവരുടെ അറുബോറന്‍ വളിപ്പുകളും പുട്ടില്‍ തേങ്ങ ഇടുന്നതു പോലെ ചിത്രത്തിലുണ്ട്‌.


ഇടവേളക്കു തൊട്ടുമുമ്പാണ്‌ നായകനായ സജീവ്‌ (ദിലീപ്‌) രംഗപ്രവേശം ചെയ്യുന്നത്‌. പിന്നീട്‌ സജീവും ഡോക്‌ടറുടെ കുടുംബവുമായുള്ള സൗഹൃദം, പിങ്കിയുമായുള്ള പിണക്കങ്ങള്‍, ഇടക്ക്‌ ഡോക്‌ടറുടെ ഫ്‌ളാഷ്‌ ബാക്ക്‌, വില്ലന്റെ ഇടപെടല്‍ എന്നിവയിലൂടെ ചിത്രം ക്ലൈമാക്‌സിലെത്തുന്നു. ഇതിനിടെ പഴയതാണെങ്കിലും ദിലീപിന്റെയും ഇന്നസെന്റിന്റെയും ചില തമാശകളാണ്‌ ഭേദം. കെട്ടുപൊട്ടിയ പട്ടംപോലെ പോകുന്ന തിരക്കഥ പ്രേക്ഷകരെ സിനിമാശാലകളില്‍ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്‌. ഗാനങ്ങളുടെ കാര്യവും പറയാതിരിക്കുന്നതാണ്‌ ഭേദം. ദിലീപും റോമയും ചേര്‍ന്നുള്ള അവസാനഗാനമാണ്‌ അല്‍പമെങ്കിലും ചിത്രീകരണ മികവുള്ളത്‌. പൂര്‍ണ്ണമായല്ലെങ്കിലും 'ദില്‍ഹെ തുമാര' എന്ന ചിത്രത്തോട്‌ സാമ്യമുണ്ട്‌ കളേഴ്‌സിന്‌.


ആദ്യചിത്രമായ ചീഫ്‌ മിനിസ്റ്റര്‍ ഗൗതമി മുതല്‍ ചെസ്‌, കംഗാരു വഴി കളേഴ്‌സിലെത്തുമ്പോള്‍ രാജ്‌ബാബു എന്ന സംവിധായകന്‍ നിലവാരത്തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ്‌ പോകുന്നതെന്ന്‌ വ്യക്തം.


അവസാനവാക്ക്‌



ഒഴിവാക്കാം


സി ആര്‍ ആശിഷ്‌
കടപ്പാട്: സിനിമാ കൊട്ടക ഡോട്ട് കോം
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger