റാഫിമെക്കാര്‍ട്ടിന്മാരുടെ ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍ കോമഡി കലാപം പ്രതീക്ഷച്ചവര്‍ക്ക് തെറ്റി. ആക്ഷനും കോമഡിയും സമാസമം ചേര്‍ക്കുന്ന രാജമാണിക്യം ടെക്‌നിക് ഇവിടെ ഫലിക്കുന്നില്ല
സംവിധാനം : റാഫി മെക്കാര്‍ട്ടിന്‍
അഭിനേതാക്കള്‍ : മമ്മൂട്ടി, നവനീത് കൗര്‍, നെടുമുടി വേണു, സലീംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്,ബിജുകുട്ടന്‍, ജയസൂര്യ
സംഗീതം: സുരേഷ് പീറ്റേഴ്‌സ്
കഥാഗതി
ആക്രിക്കച്ചവടക്കാരനായി ജീവിതം തുടങ്ങി ലക്ഷാധിപതിയായ മച്ചു (മമ്മൂട്ടി) പണം ഏറെയായപ്പോള്‍ ബിസിനസ് വിപുലീകരിക്കാനും ഓഹരി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനുമായി വ്യവസായിയായ പെരേര സായിപ്പിനെ (നെടുമുടി വേണു) കൂട്ടുപിടിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത മച്ചുവിനെ പറ്റിച്ച് പെരേര പണം അടിച്ചുമാറ്റുന്നു. മച്ചു ഇതു മനസിലാക്കുമ്പോള്‍ പെരേര സിംഗപ്പോരിലേക്ക് കടക്കുന്നു. പ്രതികാരം വീട്ടാനും അയാളുടെ സുന്ദരിയായ മകള്‍ ഡയാന (നവനീത് കൗര്‍) യെ വിവാഹം കഴിച്ച് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനുമായി മച്ചു സിംഗപ്പോരിലേക്ക് തിരിക്കുന്നു. പിന്നീട് അവിടെയുള്ള മച്ചുവിന്റെ അനുഭവങ്ങളും തന്ത്രങ്ങളും പ്രതികാരവും ഒടുവില്‍ വിജയവുമാണ് കഥ
അവതരണം
റാഫി മെക്കാര്‍ട്ടിന്‍ പോലൊരു സംവിധാന ജോഡിക്ക് പ്രേക്ഷകരെ ചിരിപ്പിച്ച് പിടിച്ചിരുത്താന്‍ മുകളില്‍ പറഞ്ഞ കഥ മതിയെന്ന് കരുതിയവര്‍ക്ക് തെറ്റി. ഈ കഥാസന്ദര്‍ഭങ്ങളെ ഏറ്റവും ബോറായി എങ്ങനെ ചിത്രീകരിക്കാമെന്നാണ് ലൗ ഇന്‍ സിംഗപ്പോര്‍ കാട്ടിത്തരുന്നത്. മോശം തിരക്കഥയാണ് ചിത്രം തകരാന്‍ കാരണമെന്ന് പറയാനാകില്ല, കാരണം. അങ്ങനെയൊരു കാര്യം ഉണ്ടോ എന്നു തന്നെ കാണുന്നവര്‍ക്ക് സംശയം തോന്നും. നടന്‍മാരെ ഫ്രെയിമിലേക്ക് കയറ്റിവിട്ട് എന്തൊക്കെയോ പറയിക്കുകയോ ചെയ്യിക്കുകയോ ആണ് സംവിധായകര്‍. മമ്മൂട്ടി ആക്രിക്കച്ചവടക്കാരനായി മുമ്പ് എത്തിയ മായാബസാര്‍ ഇതുമായി താരതമ്യം ചെയ്‌താന്‍ എത്രയോ മുകളിലാണെന്ന് പറയേണ്ടി വരും.
റാഫി മെക്കാര്‍ട്ടിന്മാരില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഫലിതരംഗങ്ങള്‍ പോലും ചിത്രത്തിലില്ല. ആദ്യപകുതിയില്‍ നായകന്റെ ശിങ്കിടികളായി സലീംകുമാറും ബിജുക്കുട്ടനും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. ഇടവേളയില്‍ മച്ചു സിംഗപ്പോരിലേക്ക് പോയി പെരേരയെ കെട്ടുകെട്ടിക്കുമെന്ന് ശപഥമെടുക്കുമ്പോള്‍ രണ്ടാം പകുതിയില്‍ എന്തൊക്കെയോ പ്രേക്ഷകര്‍ പ്രതീക്ഷിച്ചുപോകുന്നുണ്ട്. എന്നാല്‍ ആദ്യപകുതിയേക്കാള്‍ മാരകമാണ് രണ്ടാമത്തേത്. ഒട്ടും യുക്തിക്കു നിരക്കുന്നതല്ല.
മച്ചു നായികയെ സിംഗപ്പോരില്‍ ഒറ്റക്കു നടന്ന് കണ്ടുപിടിക്കുന്നതും നായികയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന യുവാവിന്റെ വീട്ടില്‍ കയറിപ്പറ്റുന്നതുമൊന്നും സാധാരണ പ്രേക്ഷകന് ഉള്‍ക്കൊള്ളാനാവില്ല. ഇടയ്‌ക്ക് പഴയ സ്ഥിരം നമ്പറുകളുമായിണ്ടാണെങ്കിലും സുരാജ് വെഞ്ഞാറമ്മൂടാണ് അല്‍പം ആശ്വാസം.
ക്ലൈമാക്‌സില്‍ അന്താരാഷ്ട്ര മാഫിയാ സംഘത്തെ പോലീസിന് പിടിച്ചുകൊടുക്കുന്നതും മസില്‍മാനായ വില്ലനെ ബോക്‌സിംഗ് റിംഗില്‍ ഇടിച്ചു തറപറ്റിക്കുന്നതുമൊക്കെ കണ്ടിരിക്കാന്‍ അപാര മനോധൈര്യം തന്നെ വേണം.
നെടുമുടി വേണു പെരേരയായി നിറഞ്ഞു നില്‍ക്കുന്നുണ്ട്. നായികയായി തെലുങ്കു സിനിമാ ലോകത്തു നിന്നും എത്തിയ പഞ്ചാബി സുന്ദരി നവനീത് കൗര്‍ മോശമല്ല. എന്നാല്‍ പ്രത്യേകിച്ച് അവര്‍ക്കൊന്നും ചെയ്യാനില്ല, ഗാനരംഗങ്ങളില്‍പോലും. ഇടയ്‌ക്ക് ഒരു ആവശ്യവുമില്ലാതെ ജയസൂര്യയുടെ കഥാപാത്രവും തലകാണിച്ചു പോകുന്നുണ്ട്.
സുരേഷ് പീറ്റേഴ്‌സിന്റെ ഗാനങ്ങളൊന്നും ശ്രദ്ധേയമല്ല. എന്നാല്‍ മമ്മൂട്ടി റാമ്പില്‍ പത്ത് മോഡലുകള്‍ക്കൊപ്പം എത്തുന്ന ഗാനം താരതമ്യേനെ ഭേദപ്പെട്ടതാണ്. ഈ ഗാനത്തില്‍ മമ്മൂട്ടി സുന്ദരനായി റാമ്പില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായി ചൂണ്ടിക്കാട്ടാവുന്നതും ഈ ഗാനം മാത്രമാണ്.
ഒന്നും ചെയ്യാനില്ലാത്ത ഈ സിനിമയില്‍ മമ്മൂട്ടി എന്തിന് അഭിനയിച്ചു എന്നതിന് ഉത്തരമില്ല. അതുപോലെ റാഫി മെക്കാര്‍ട്ടിന് എങ്ങനെ ഇത്തരമൊരു ചിത്രം തട്ടിക്കൂട്ടാനായി എന്നതും ചോദ്യമായി അവശേഷിക്കുന്നു.
സിംഗപ്പോരിലേക്ക് വിമാനം കയറിയെങ്കിലും അവിടത്തെ ദൃശ്യസൗന്ദര്യം പോലും കൃത്യമായി പകര്‍ന്നു നല്‍കാന്‍ സിനിമക്കാവുന്നില്ല. സിനിമയില്‍ മഷിയിട്ടു നോക്കിയാല്‍ പോലും ടൈറ്റിലില്‍ പറയുന്നതുപോലെ 'ലൗ' കണ്ടെത്താനുമാവുന്നില്ല.
ഉപസംഹാരം
ലൗ ഇന്‍ സിംഗപ്പോര്‍ റാഫി മെക്കാര്‍ട്ടിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും നിലവാരമില്ലാത്തതാണെന്നതില്‍ സംശയമില്ല. ചുരുങ്ങിയപക്ഷം കടുത്ത മമ്മൂട്ടി ആരാധകരെയെങ്കിലും പിടിച്ചിരുത്താനാവും വിധമുള്ള ചിത്രമൊരുക്കാന്‍ സംവിധായകര്‍ ശ്രദ്ധിക്കണമായിരുന്നു.
അവസാനവാക്ക്
ഒഴിവാക്കാം.
സി ആര്‍ ആശിഷ്
കടപ്പാട്: സിനിമാ കൊട്ടക ഡോട്ട് കോം