പ്രേക്ഷകര്‍ കണ്ട പരലോകം!

Wednesday, January 7, 20090 comments


പഴയകാല ഹിറ്റുകള്‍ ക്രഡിറ്റിലുള്ള അനില്‍ബാബുമാരിലെ അനിലും മലയാളത്തില്‍ രണ്ടാം ജന്മം പ്രതീക്ഷിക്കുന്ന ജയറാമും വിജയമാജിക്‌ ആവര്‍ത്തിപ്പിക്കാന്‍ ഒത്തുകൂടിയ 'പാര്‍ത്ഥന്‍ കണ്ട പരലോകം' ചുരുക്കിപ്പറഞ്ഞാല്‍ രഞ്‌ജിത്തിന്‍റെ ‘നന്ദന’ത്തിന്‍റെ ഉപോത്‌പന്നമാണ്‌.

സ്ഥിരം സെറ്റപ്പിലെ അവിയല്‍ കോമഡി സിനിമയില്‍ ആദ്യം അല്‌പം യുക്തിവാദവും പിന്നെ ഗ്രാമത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന യുവനായകനും പകുതിക്ക്‌ ശേഷം തമാശയില്‍ ചാലിച്ച ഭക്തിയും ശ്രീകൃഷ്‌ണാവതാരവും അവസാനം ഒരു ശിഖണ്ഡി വില്ലനും തീവ്രവാദവും ചേര്‍ത്താല്‍ പ്രേക്ഷകര്‍ പരലോകത്തെത്തും അഥാവ 'പാര്‍ത്ഥന്‍ കണ്ട പരലോക'മാകും.

‘നന്ദന’ത്തില്‍ കൗമാര പ്രണയം സാക്ഷാത്‌കരിക്കാനാണ്‌ സാക്ഷാല്‍ ശ്രീകൃഷ്‌ണന്‍ അവതരിക്കുന്നതെങ്കില്‍ പാര്‍ത്ഥനില്‍ അത് നാടിന്‍റെ പൈതൃകം സംരക്ഷിക്കാനാണ്‌ എന്നുമാത്രമാണ്‌ വ്യത്യാസം.

ജയറാമും ജഗതിയും സലീം കുമാറും കോട്ടയം നസീറും എല്ലാമുള്ള അനില്‍ ചിത്രമായതിനാല്‍ ഗ്രാമീണ കോമഡി ഒഴിവാക്കാനാകില്ലല്ലോ. കൃഷ്‌ണപുരം ഗ്രാമത്തിലെ ചോരത്തിളപ്പും പൗരബോധവും ഉള്ള ചെറുപ്പക്കാരനാണ്‌ പാര്‍ത്ഥസാരഥി എന്ന പാര്‍ത്ഥന്‍ (ജയറാം)

സ്‌നേഹിക്കുന്ന മനസുകളെ ഒന്നിപ്പിക്കല്‍, നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തത്‌പരന്‍. ഇയാളുടെ അമ്മാവനും നാട്ടുപ്രമാണിയുമായ തമ്പി (ജഗതി) പഞ്ചായത്ത്‌ പ്രസിഡന്‍റും അമ്പലക്കമ്മറ്റി അധിപനുമെല്ലാമാണ്‌.

ഇത്തരം കഥകളിലെല്ലാം ഉള്ളത്‌ പോലെ അമ്മാവനും മരുമകനും ശത്രുക്കളും പരസ്‌പരം പോരുവിളിച്ച്‌ നടക്കുന്നവരുമാണ്‌. അമ്മാവന്‍റെ ക്ഷേത്ര ഭരണത്തിലെ അഴിമതിക്ക്‌ എതിരെ മരുമകന്‍ കേസ്‌ കൊടുക്കാനും മടിക്കുന്നില്ല.

ഇതിലെല്ലാം ഉപരി പാര്‍ത്ഥന്‍ യുക്തിവാദികൂടിയാണ്‌. അതുകൊണ്ട്‌ തന്നെ ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണനോട്‌ ഭക്തിയോ മമതയോ ഇല്ല. എന്നാല്‍, ശ്രീകൃഷ്‌ണനെ ആദ്യ വിപ്ലവകാരിയായും ഭൂപരിഷ്‌കരണത്തിനും ഭൂമിയുടെ അവകാശത്തിന്‌ പോരാടിയ നേതാവായും വിശേഷിപ്പിക്കാന്‍ പാര്‍ത്ഥന്‌ മടിയില്ല.

തമ്പിയുടെ മകളും നായികയുമായ സത്യഭാമ (ശ്രീദേവിക) അച്ഛന്‍റെ രക്ഷക്ക്‌ എത്തുന്നു. നായികയും അച്ഛനും സംയുക്തമായി നായകനെ നേരിടുന്ന രംഗങ്ങള്‍ ‘മീശമാധവനെ’ ഓര്‍മ്മിപ്പിക്കും.

പെട്ടെന്ന്‌, വ്യാജമദ്യം കഴിച്ച്‌ നായകന്‍ മരിക്കുന്നു! (അതോ മരണാസന്നനാകുന്നുവോ?). മോര്‍ച്ചറിയില്‍ കിടക്കുന്ന പാര്‍ത്ഥന്‍റെ ശരീരം ഉണരുന്നു. മയില്‍ പീലികള്‍ നിറഞ്ഞ പൂങ്കാവനത്തിലേക്ക് മനസ്‌ പോകുന്നു. മായകാഴ്‌ചകള്‍ കാണുന്നു.

മരണത്തില്‍ നിന്ന്‌ അത്‌ഭുതകരമായി രക്ഷപ്പെട്ട്‌ പാര്‍ത്ഥന്‍ ജീവിതത്തിലേക്ക്‌ മടങ്ങി വരുന്നെങ്കിലും ചില സ്‌പെല്ലിങ്ങ്‌ മിസ്റ്റേക്കുകള്‍ ജീവിതത്തില്‍ ഉണ്ട്‍. യുക്തിവാദിയുടെ കണ്‍മുന്നില്‍ മയില്‍പീലിയും കാതില്‍ അശരീരിയും കളിയാടുന്നു.

മരണാസന്നനായ രോഗിക്ക്‌ ഒറ്റമൂലി പറഞ്ഞുകൊടുക്കുന്ന സിദ്ധിയും പാര്‍ത്ഥന്‌ കിട്ടുന്നു. ആദ്യം ശബ്ദമായും പിന്നെ മായയായും ഒടുവില്‍ മുകേഷിന്‍റെ രൂപമായും ഭഗവാന്‍ കൃഷ്‌ണന്‍ പാര്‍ത്ഥന്‌ മുന്നില്‍ എത്തുന്നു.

മാധവന്‍ എന്ന പഴയ സഹപാഠി എന്ന്‌ അവകാശപ്പെട്ടാണ്‌ ‘അവതാരം’ പാര്‍ത്ഥനെ സഹായിക്കാനും ഉള്‍കാഴ്‌ച പകരാനും ഇടവേളക്ക്‌ ശേഷം എത്തുന്നത്‌. പിന്നീടങ്ങോട്ട്‌ ‘നന്ദന’ത്തിലെ ശ്രീകൃഷ്‌ണന്‍ റോളില്‍ പഴയ തമാശകളും മറ്റുമായി മുകേഷ് എന്ന കൃഷ്ണഭഗവാന്‍ പാര്‍ത്ഥന്‌ ഒപ്പം കൂടുന്നു.

കൃഷ്‌ണപുരത്തെ ക്ഷേത്രത്തിന്‍റെ സംസ്‌കാരം നശിപ്പിക്കാന്‍ മതതീവ്രവാദിയായ വില്ലന്‍ ശിഖണ്ഡി (കലാഭവന്‍ മണി) എത്തുന്നു. മാധവന്‍ ഒപ്പമുള്ളതിനാല്‍ പാര്‍ത്ഥന്‌ വില്ലനെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നു.

എല്ലാം മംഗളമായി പര്യവസാനിക്കുമ്പോള്‍ ശത്രുപക്ഷത്തായിരുന്ന അമ്മാവനും മുറപ്പെണ്ണും പാര്‍ത്ഥന്‍റെ പക്ഷത്താകുന്നു. ഭാരത സംസ്‌കാരത്തെ ഭീകരരില്‍ നിന്ന്‌ രക്ഷിക്കാന്‍ മാധവനായി അവതരിച്ച ഭഗവാന്‍ കൃഷ്‌ണന്‍ അപ്രത്യക്ഷനാകുന്നു! എല്ലാം ശുഭം.

കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും തന്‍റേടിയായ നായികയായി ശ്രീദേവി ശ്രദ്ധനേടുന്നു. കുചേലനില്‍ വടിവേലുവിന്‍റെ ഭാര്യയായി ശ്രദ്ധിക്കപ്പെട്ട മാദകസുന്ദരി സോനയും ഉപനായികമായി എത്തുന്നു. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ “ഗോപികമാരുടെ കാമുക..” എന്ന ഗാനം കഥാസന്ദര്‍ഭത്തിന്‌ അനുയോജ്യവും പ്രേക്ഷകരെ രസിപ്പിക്കുന്നതുമാണ്‌.

സിനിമയുടെ ആദ്യ ഭാഗത്തില്‍ ആള്‍ദൈവങ്ങളെ കളിയാക്കലും യുക്തിവാദവും ഉള്‍പ്പെടുത്തിയ സംവിധായകന്‍ കൃഷ്‌ണാവതാരത്തിലേക്ക്‌ എടുത്തുചാടിയത്‌ എങ്ങനെ എന്ന്‌ മനസിലാക്കാന്‍ സാധാരണ ബുദ്ധി പോരാതെ വന്നേക്കും.

പഴയകാല ജയറാം-അനില്‍ ചിത്രങ്ങളിലേത്‌ പോലെ കണ്ടിരിക്കാവുന്ന കോമഡി രംഗങ്ങള്‍ സിനിമയില്‍ ഇല്ല. സിനിമയിലെ വ്യത്യസ്‌തതയായി ചൂണ്ടികാണിക്കാവുന്നത്‌ ചിത്രത്തിലെ ‘ദൈവ’ സാന്നിധ്യം മാത്രമാണ്‌.

‘വെറുതേ ഒരു ഭാര്യ’ക്ക്‌ ശേഷം ‘പരലോകം’ ജയറാമിന്‌ പുനര്‍ജന്മം നല്‍കുമോ എന്ന്‌ കണ്ടറിയണം. നിര്‍മ്മാതാക്കളുമായുള്ള സമരത്തിന്‍റെ ഭാഗമായി ‘എ ക്ലാസ്‌’ തിയേറ്ററുകാര്‍ നല്ല പിന്തുണ നല്‌കുന്നത്‌ ‘പാര്‍ത്ഥ’ന്‍റെ നിര്‍മ്മാതാവിന്‌ ആശ്വാസമായിരിക്കും.

തിയേറ്ററില്‍ കുറച്ച്‌ സമയം കളയാന്‍ എത്തുന്നവര്‍ക്ക്‌ ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ കണ്ടിരിക്കാം. വ്യത്യസ്‌തതയും പുതുമയും പ്രതീക്ഷിച്ച്‌ ആരും പോകേണ്ടതില്ല. ‘പട്ടാഭിഷേക’വും ‘അരമനവീടും അഞ്ഞൂറേക്കറും’ പരലോകത്തില്‍ പ്രതീക്ഷിക്കരുത്‌!

സി ആര്‍ ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger