‘കുരുക്ഷേത്ര’ മറ്റൊരു കീര്‍ത്തിചക്ര

Wednesday, January 7, 20090 comments


കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചുള്ള ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍റെ ആവേശകരമായ ഓര്‍മ്മയാണ്‌ ‘കുരുക്ഷേത്ര’.

അതുകൊണ്ടു തന്നെ പീടികത്തിണ്ണയില്‍ ഇരുന്ന്‌ പഴയ വീരഗാഥകള്‍ വര്‍ണ്ണിക്കുന്ന മുന്‍ പട്ടാളക്കാരുടെ വാക്കുകളിലെ അതിശയോക്തിയും വീരവാദവും അതിലുണ്ടാകും. എന്നാല്‍ നാടിനെ രക്ഷിക്കാനുള്ള ആത്മാര്‍ത്ഥതയുടെ പേരില്‍ അവയെല്ലാം മാപ്പര്‍ഹിക്കുന്നു. അത്തരം വീരകഥകളാണ്‌ പട്ടാള ജോലിയുടെ ആവേശവും.

കാര്‍ഗില്‍ മലനിരകളുടെ ദൃശ്യഭംഗിയില്‍ മറ്റൊരു ‘കീര്‍ത്തിചക്ര’ എന്ന്‌ മേജര്‍ രവി-മോഹന്‍ലാല്‍ രണ്ടാം സംരംഭത്തെ വിശേഷിപ്പിക്കാം. കീര്‍ത്തിചക്ര ഇഷ്ടപ്പെട്ട ‘ദേശസ്‌നേഹി’കള്‍ക്ക്‌ കുരുക്ഷേത്ര അതേ രുചിയിലുള്ള മറ്റൊരു വിഭവമായിരിക്കും.

പട്ടാളക്കാരനായ സംവിധായകന്‍ യുദ്ധ സിനിമ എടുക്കുമ്പോള്‍ കാര്‍ഗിലിനെ കുറിച്ച്‌ ഇതുവരെ പുറത്തു വരാത്ത ചില വെളിപ്പെടുത്തലുകളും സത്യാന്വേഷണങ്ങളും ഉണ്ടാകുമെന്ന്‌ പ്രചരണം ഉണ്ടായിരുന്നു. അത്തരം കുറ്റപ്പെടുത്തലുകളോ വെളിപ്പെടുത്തലുകളോ ഒന്നും സിനിമയില്‍ ഇല്ല.

ഇരു രാജ്യങ്ങള്‍ക്കും ശ്‌മശാനങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധം എന്ന സംവിധാനത്തെ അപഹസിക്കുന്നില്ല, യുദ്ധം എന്നത്‌ രാജ്യങ്ങളുടെ നയപരമായ ചുവടുകള്‍ക്കുള്ള വെറും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന്‌ പോലും വിമര്‍ശിക്കുന്നില്ല.

‘കീര്‍ത്തിചക്ര’യിലെ മോഹന്‍ലാല്‍ കഥാപാത്രം മേജര്‍ മഹാദേവനാണ്‌ ഈ ചിത്രത്തിലേയും നായകന്‍ (ഇത്തവണ കേണല്‍). ‘കീര്‍ത്തിചക്ര’യില്‍ മേജര്‍ രവി പറഞ്ഞുവച്ച അതേ ആഖ്യാന ശൈലി തന്നെ ‘കുരുക്ഷേത്ര’യിലും ആവര്‍ത്തിക്കുന്നത്‌ ന്യൂനതയായി കാണാം.'

മേജര്‍ രവിയുടെ ‘കുരുക്ഷേത്ര’യില്‍ കാര്‍ഗില്‍ യുദ്ധത്തിന്‍റെ പ്രധാന വില്ലന്‍ പാക്‌ പ്രസിഡന്‍റ് പര്‍വ്വേസ്‌ മുഷാറഫാണ്‌. പാക്‌ പട്ടാളക്കാര്‍ പോലും ഇന്ത്യന്‍ പട്ടാളക്കാരോട്‌ പറയുന്നു മുഷാറഫിന്‌ വേണ്ടിയാണ്‌ യുദ്ധം ചെയ്യുന്നതെന്ന്‌.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ കടക്കുന്ന സ്വന്തം പട്ടാളക്കാരുടെ മൃതദേഹം പോലും ഏറ്റുവാങ്ങാന്‍ പാക്‌ സേന തയ്യാറാകുന്നില്ല. പിടിയിലായ ഇന്ത്യന്‍ പട്ടാളക്കാരെ പാക്‌ സേനാധിപന്‍ ചിത്രവധം ചെയ്‌ത്‌ കൊല്ലുന്നു. എന്നാല്‍ കേണല്‍ മഹാദേവന്‍ അങ്ങനെയല്ല.

കൊല്ലപ്പെട്ട പാക്‌ സേനാനികളെ അവരുടെ മതാചാര പ്രകാരം തന്നെ അടക്കം ചെയ്യുന്നു. സ്വന്തം ജീവന്‍ പോലും വകവയ്‌ക്കാതെ ജവാന്മാര്‍ക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കുന്നു. രാജ്യത്തിന്‌ വേണ്ടി മുതിര്‍ന്ന ഓഫീസര്‍മാരോട്‌ പോലും തട്ടിക്കയറുന്നു. ശത്രുവിന്‍റെ കൈയ്യില്‍ നിന്നും ഇന്ത്യന്‍ മണ്ണ്‌ തിരിച്ചു പിടിക്കുന്നു. ജവാന്മാര്‍ ജീവന്‍ കൊടുത്ത്‌ പിടിച്ചെടുത്ത പ്രദേശത്ത്‌ നിന്ന്‌ പിന്മാറാന്‍ കൂട്ടാക്കാതെ ദേശീയ പതാക ഉയര്‍ത്തുന്നു. പ്രധാനമന്ത്രി വാജ്‌പേയ്‌ നേരിട്ട്‌ വിളിച്ച്‌ അഭിനന്ദിക്കുന്നു.

ആദ്യ പകുതിയില്‍ ഇന്ത്യന്‍ പട്ടാളക്യാമ്പിലെ ജവാന്മാരുടെ ജീവിതം കാണിക്കുന്നു. പട്ടാള സിനിമകളില്‍ മുമ്പ്‌ കാണിച്ചിരുന്നത്‌ പോലെ തന്നെയുള്ള തമാശകളും കത്ത്‌ വായിക്കലും വിശേഷം പങ്കിടലുകളും നുറുങ്ങ്‌ തമാശകളും ഒരുക്കുന്നത്‌ മണിക്കുട്ടനും ബിനിഷ്‌ കൊടിയേരിയും അനുആനന്ദും അടങ്ങുന്ന സംഘമാണ്‌. മുതിര്‍ന്ന പട്ടാളക്കാരായി സിദ്ധിഖും ബിജുമേനോനും എല്ലാം ഉണ്ട്‌.

ഇന്ത്യ-പാക്‌ അതിര്‍ത്തി ബങ്കറില്‍ പാക്‌ പട്ടാളക്കാരുമായി കലഹിച്ചും കളിപറഞ്ഞും മദ്യവും സിഗററ്റും പങ്കിടുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവിതം (കൊച്ചിന്‍ ഹനീഫ, സുരാജ്‌ വെഞ്ഞാറമ്മൂട്‌) മലയാളി പ്രേക്ഷകര്‍ക്ക്‌ പുതുമയുള്ളതാണ്‌. ഒരു ഭാഗത്ത്‌ യുദ്ധം നടക്കുമ്പോള്‍ അവര്‍ വെള്ളക്കൊടിയും പിടിച്ച്‌ കാര്യം പറഞ്ഞിരിക്കുന്നു.'

പാകിസ്ഥാന്‍ പട്ടാളം നുഴഞ്ഞുകയറ്റം തുടങ്ങിയെന്നും ഇന്ത്യന്‍ പട്ടാളക്കാരെ ബന്ധിയാക്കിയെന്നും വിവരം ലഭിക്കുമ്പോഴാണ്‌ കേണല്‍ മഹാദേവന്‍ അവതരിക്കുന്നത്‌.

ഇന്ത്യന്‍ പട്ടാളത്തിന്‍റെ കാര്‍ഗില്‍ ദൗത്യം മുതിര്‍ന്ന അധികാരികള്‍ക്ക്‌ മുന്നില്‍ പച്ചമലയാളത്തില്‍ കേണല്‍ വിവരിക്കുന്നത്‌ തുടക്കത്തില്‍ അരോചകമാകുന്നുണ്ട്‌. വിജയകാന്ത്‌ ചിത്രങ്ങളില്‍ പാക്‌ തീവ്രവാദികള്‍ തമിഴില്‍ സംസാരിക്കുന്നത്‌ പോലെ. (ഇന്ത്യന്‍ സേനയെ കുറിച്ച്‌ മലയാള സിനിമ എടുക്കുമ്പോള്‍ സംവിധായകന്‌ വേറെ വഴിയില്ലല്ലോ, ചില ഹിന്ദി വാചകങ്ങള്‍ മലയാളീകരിച്ച്‌ എഴുതിക്കാണിക്കുമ്പോള്‍ അക്ഷരതെറ്റുകളും ധാരാളം)

കാര്‍ഗില്‍, ദ്രാസ്‌ മലനിരകളില്‍ ഇടവേളയോടെ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്‌. മുന്‍ ചിത്രമായ ‘മിഷന്‍ 90 ഡെയ്‌സി’ല്‍ കമാന്‍റോ ഓപ്പറേഷന്‍ രീതികള്‍ വിശദീകരിക്കാന്‍ സംവിധായകനായ മേജര്‍ രവി ശ്രമിച്ചിരുന്നു. കമാന്‍റോ ഓപ്പറേഷന്‍ ശൈലി പ്രേക്ഷകര്‍ക്ക്‌ മനസിലാകത്തക്കവിധമാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

എന്നാല്‍ കുരുക്ഷേത്രയില്‍ വെടിവയ്‌പ്പും മിസൈല്‍ വര്‍ഷവും മാത്രമാണ്‌ അരങ്ങേറുന്നത്‌. സേനാനീക്കത്തിന്‍റെ ശൈലിയിലേക്കൊന്നും കടുന്നു ചെല്ലുന്നില്ല. അതുകൊണ്ട്‌ തന്നെ കുരുക്ഷേത്രയെ ‘മലയാളിയുടെ ബ്ലാക്ക്‌ ഹ്വാക്ക്‌ ഡൗണ്‍’ എന്നോ ‘പേള്‍ഹാര്‍ബര്‍’ എന്നോ വിളിക്കാന്‍ പറ്റില്ല.

ദേശസ്‌നേഹം വര്‍ണ്ണിക്കുന്നതിനൊപ്പം ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യത്തോടുള്ള്‌ കൂറ്‌ ഉയര്‍ത്തിക്കാട്ടാന്‍ സംവിധായകന്‍ കരുതിക്കൂട്ടിത്തന്നെ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്‌. സിദ്ധിഖിന്‍റെ പട്ടാള വേഷം സേനയിലെ മുസ്ലീങ്ങളുടെ പ്രതിനിധ്യമാണ്‌ സാക്ഷാത്‌കരിക്കുന്നത്‌. തന്നെ ഇന്ത്യന്‍ മുസ്ലീമെന്ന്‌ വിളിക്കാതെ ഇന്ത്യന്‍ എന്ന്‌ വിളിക്കാന്‍ സിദ്ധിഖിന്‍റെ കഥാപാത്രം ഒരുഘട്ടത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌.

മുന്‍ ചിത്രങ്ങളിലേത്‌ പോലെ പട്ടാളക്കാരുടെ ആത്മരോഷവും മേജര്‍രവി ചിത്രത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. പട്ടാളക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ബ്യൂറോക്രാറ്റുകളേയും രാഷ്ട്രീയക്കാരേയും വനിതാമാധ്യമപ്രവര്‍ത്തകരേയും കുറ്റപ്പെടുത്തുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച തിരുവനന്തപുരം സ്വദേശി ക്യാപ്റ്റന്‍ ജെറിപ്രേംരാജിനെ ഒരു കഥാപാത്രമായി തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയും ഉണ്ട്‌. (ജെറി പ്രേംരാജിന്‍റെ സ്‌മൃതിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ്‌ കോവളത്ത്‌ സിനിമയുടെ ആദ്യ പ്രദര്‍ശനം അരങ്ങേറിയത്‌)

രാജ്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്യുന്ന പട്ടാളക്കാരുടെ കുടുംബങ്ങളുടെ വ്യഥകളും നഷ്ടങ്ങളും സിനിമയില്‍ പറഞ്ഞുവയ്‌ക്കുന്നു. ബിജു മോനേന്‍റെ കഥാപാത്രത്തിന്‍റെ നായിക വേഷത്തില്‍ എത്തുന്ന താനിയ സിങ്ങ്‌ മാത്രമാണ്‌ സിനിമയില്‍ അല്‌പമെങ്കിലും സ്‌ക്രീന്‍ സാന്നിധ്യം കിട്ടുന്ന വനിത കഥാപാത്രം.

കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചാണ്‌ സിനിമ എങ്കിലും നായകന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയതിനാല്‍ വില്ലനെ കായികമായി നേരിടാതെ ചിത്രം അവസാനിപ്പിക്കാന്‍ ആകില്ലല്ലോ. അതുകൊണ്ട്‌ തന്നെ ശത്രു സൈന്യത്തിന്‍റെ അധിപനുമായി അവസാനം കേണല്‍ ഒരു മല്ലയുദ്ധം നടത്തുന്നുണ്ട്‌. വില്ലനെ ഇടിച്ചു പരത്തി ദേശീയോദ്‌ഗ്രഥന വാചകങ്ങള്‍ ഉരുവിട്ട ശേഷം വകവരുത്തുന്നു!

സാങ്കേതികമായി പക്വത പുലര്‍ത്തുന്ന ചിത്രമാണ്‌ ‘കുരുക്ഷേത്ര’. ലോക്‌നാഥിന്‍റെ ഫ്രയിമുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ യുദ്ധഭൂമിയുടെ ഭംഗി പ്രേക്ഷകരില്‍ എത്തിക്കുന്നു. സിദ്ധാര്‍ത്ഥ്‌ വിപന്‍ ഒരുക്കിയ സംഗീതം സിനിമയുടെ പശ്ചാത്തലത്തിന്‌ ഇണങ്ങുന്നതാണ്‌. ബോംബെ എസ്‌ കമാലിന്‍റെ വരികളില്‍ കൈലാസ്‌ ഖേര്‍ ആലപിച്ച ഹിന്ദി ഗാനം ശ്രദ്ധിക്കപ്പെടും.

‘കുരുക്ഷേത്ര’,യുദ്ധപശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മോഹന്‍ലാല്‍ ചിത്രം മാത്രമായതില്‍ കാര്‍ഗില്‍ യുദ്ധത്തിലെ വസ്‌തുതകള്‍ എത്രമേല്‍ കൃത്യമായി സംവിധായകന്‍ പറഞ്ഞിരിക്കുന്നു എന്ന്‌ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേശസ്‌നേഹം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്‌ ഈ ചിത്രം. വീരചരമം പ്രാപിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ക്കുള്ള സ്മൃതിചിത്രം.

സി ആര്‍ ആശിഷ്
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger