
ഏതുസമയവും തീവ്രവാദ ആക്രമണം പ്രതീക്ഷിക്കാവുന്ന അരക്ഷിതാവസ്ഥയുടെയും ഭീതിയുടെയും ഒരു ലോകം! സുരക്ഷിതരെന്ന് സ്വയം ആശ്വസിച്ചിരിക്കുമ്പോള്‍, ബസിലോ തീവണ്ടിയിലോ വിമാനത്തിലോ സഹയാത്രികനായി കടന്നുകൂടുന്നയാള്‍ ഒരു ചാവേറായിരുന്നുവെന്ന് തലച്ചോറിന് തിരിച്ചറിയാന്‍ വേണ്ട മൈക്രോ സെക്കന്‍റുകള്‍ക്കുള്ളില്‍ എന്തും സംഭവിക്കാവുന്ന ഭീകരത! സെപ്തംബര്‍ 11ന് ശേഷം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീതിയോടെ ഉറ്റുനോക്കുന്ന യഥാര്‍ത്ഥ്യമാണിത്.
ആധുനിക ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെയും ആസൂത്രണം ചെയ്യപ്പെടുന്നത് ഇന്‍റര്‍നെറ്റിലൂടെയാണെന്നത് പുതിയ അറിവല്ല. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ ജാഗ്രത കര്‍ശനമാക്കിയതോടെ, ഏറെ സുരക്ഷിതമായ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുള്ള കാര്യം പലര്‍ക്കും അറിവുണ്ടാവില്ല. ഇന്‍റനെറ്റ് ലഭ്യമാക്കാനുള്ള എളുപ്പം, ഇന്‍റര്‍നെറ്റ് നിയമങ്ങളുടെ അഭാവം, ആശയവിനിമയത്തിലെ വേഗത, വ്യാജ പ്രൊഫൈലുകളും മറ്റും സൃഷ്ടിക്കാനുള്ള സാധ്യത തുടങ്ങിയവയെല്ലാം തന്നെ തീവ്രവാദ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്.
ഒരാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതു മുതല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വിവരങ്ങള്‍ കൈമാറുന്നതു വരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ എളുപ്പം സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരുടെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗുകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നത്. ഓഗസ്റ്റ് 25ന് നടന്ന ഹൈദരാബാദ് സ്ഫോടനങ്ങളില്‍ ഉത്തരവാദികളെന്ന് സംശയിക്കപ്പെട്ടവരുടെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗും ഇത്തരത്തില്‍ ഇന്‍റലിജന്‍സ് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
നിരപരാധികള്‍ പോലും തീവ്രവാദ കുരുക്കില്‍ അകപ്പെട്ടുപോകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ യാദൃശ്ചികമായി സൌഹൃദം സ്ഥാപിക്കുന്നതും, ആശയവിനിമയം നടത്തുന്നതും തീവ്രവാദ ബന്ധമുള്ള ഒരാളുമായിട്ടാണെങ്കില്‍ അധികൃതരുടെ സംശയദൃഷ്ടിയും നിരീക്ഷണവും അയാളുടെ നേരെ തിരിയുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആരോ നടത്തിയ ഭീകരപ്രവര്‍ത്തനത്തിന് ഉത്തരം പറയേണ്ട ബാധ്യതയാവും നിരപരാധികളുടെ തലയില്‍ വന്നു പതിക്കുക.
ഏതെങ്കിലുമൊരു അജ്ഞാത സുഹൃത്തിന് ഒരു പ്രധാന വിവരം അശ്രദ്ധമായി കൈമാറുമ്പോള്‍, നമ്മുടെ രാജ്യത്തെ മന:പൂര്‍വ്വമല്ലാതെ നാം ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന് അതിന്‍റെ പ്രത്യാഘാതങ്ങള്‍ വന്നുഭവിക്കുമ്പോഴേ തിരിച്ചറിയൂ. അപരിചിതരുമായുള്ള ഇന്‍റര്‍നെറ്റ് സൌഹൃദം പരമാവധി ഒഴിവാക്കണമെന്ന് പറയുന്നതിനുള്ള ഒരു കാരണവും ഇതാണ്.
സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ അപരിചിതരുമായി സൌഹൃദം സ്ഥാപിക്കാതിരിക്കുക, അതുമല്ലെങ്കില്‍ നേരിട്ടറിയാവുന്നവരുടെ സുഹൃത്തുക്കളുമായി മാത്രം ബന്ധം സ്ഥാപിക്കുക, ആശയവിനിമയങ്ങള്‍ക്ക് ഒരു പരിധി വയ്ക്കുക, സ്വകാര്യങ്ങള്‍ സ്വകാര്യങ്ങളായി തന്നെ സൂക്ഷിക്കുക തുടങ്ങിയ ലളിതമായ പോംവഴികളുലൂടെ ഇത്തരം കെണികളില്‍ നിന്ന് രക്ഷനേടാനാവും.
(ഉറവിടം- എന്‍ ടി ബൈജു - വെബ്‌ദുനിയ)