'മോസ്‌ N ക്യാറ്റ്‌': ഫാസിലിന്‍റെ പതനം

Wednesday, April 22, 20090 comments





പല്ലും നഖവും കൊഴിഞ്ഞ പഴയകാല സിംഹത്തിന്‍റെ ഗതികേടിലാണ്‌ മലയാളിയുടെ പ്രിയ സംവിധായകന്‍ ഫാസില്‍. ബോറന്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ സ്വയം മത്സരിക്കുകയാണ്‌ അദ്ദേഹം. നോക്കാത്തെദൂരത്ത്‌ കണ്ണും നട്ട്‌, പപ്പയുടെ സ്വന്തം അപ്പൂസ്‌, മണിച്ചിത്രത്താഴ്‌ തുടങ്ങിയ ചിത്രങ്ങള്‍ എടുത്ത ഫാസില്‍ അധ:പതനത്തിന്‍റെ ഉച്ചകോടിയിലെത്തുന്ന ചിത്രമാണ്‌ മോസ്‌ ആന്‍റ് ക്യാറ്റ്‌. ഇതിലും മോശം ചിത്രം കാണണമെങ്കില്‍ ഫാസില്‍ അടുത്ത ചിത്രം എടുക്കും വരെ കാത്തിരിക്കേണ്ടിവരും.



story Line


ചില്ലറ തട്ടിപ്പുകളുമായി ജീവിക്കുന്ന മോസ്‌ ഡി സാമുവല്‍ (ദിലീപ്‌) എന്ന അനാഥന്‌ കളഞ്ഞു കിട്ടിയ പെണ്‍കുഞ്ഞാണ്‌ ടെസ്സി (ബേബി നിവേദിത) എന്ന ക്യറ്റ്. ഒരിക്കല്‍ ഇവരുടെ തട്ടിപ്പിന്‌ ഇരയായ നന്ദന (അശ്വതി) എന്ന പണക്കാരി പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക്‌ ഇവര്‍ക്ക്‌ വീണ്ടും കടന്നു ചെല്ലേണ്ടി വരുന്നു. നന്ദനയുടെ മുഴുക്കുടിയനായ ചേട്ടന്‍ സുമേഷിനെ (റഹ്മാന്‍) ലഹരിയുടെ ലോകത്ത്‌ നിന്ന്‌ മോചിപ്പിക്കുകയാണ്‌ ഇവരുടെ ലക്‍ഷ്യം. പണക്കാരനും ഗുണ്ടാത്തലവനുമായ പനയ്‌ക്കല്‍ ജോസിന്‍റെ (മനോജ്‌ കെ ജയന്‍) ഒരു ക്വട്ടേഷന്‍ മോസിന്‌ ഏറ്റെടുക്കേണ്ടി വരുന്നു. സുമേഷ്‌ മോസിന്‍റെ ശത്രുവായി മാറുന്നു.ടെസ്സിക്ക്‌ പ്രശ്‌നമൊന്നുമുണ്ടാകാതെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ മോസ്‌ നന്ദനയൊടോപ്പം ഇറങ്ങിത്തിരിക്കുകയാണ്‌.


Presentation


മാമാട്ടികുട്ടയമ്മ, പൂവിന്‌ പുതിയ പൂന്തെന്നല്‍ സ്റ്റൈലില്‍ കൊച്ചുകുട്ടികളുടെ വികൃതിയും നായകമനുമായുള്ള ആത്മബന്ധവും ചിത്രീകരിച്ചുകൊണ്ടാണ്‌ കഥ മുന്നേറുന്നത്‌. ഫാസില്‍ ചെയ്‌ത മുന്‍കാല കുടുംബചിത്രങ്ങളുടെ നിഴല്‍ പോലുമാകാന്‍ മോസിനും ക്യാറ്റിനും കഴിയുന്നില്ല. കുത്തഴിഞ്ഞ തിരക്കഥ പ്രേക്ഷെകനെ പരമാവധി വട്ടംചുറ്റിക്കുന്നുണ്ട്‌. ഇടവേളക്ക്‌ മുമ്പ്‌ മോസും ക്യാറ്റും തമ്മിലുള്ള ചില രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇടവേളക്ക്‌ ശേഷം സിനിമ തീര്‍ത്തും അരോചകമാണ്‌.
നേഴ്‌സറി കുട്ടികള്‍ കുടിയന്മാരെ അവതരിപ്പിക്കുന്നത്‌ പോലാണ്‌ റഹ്മാന്‍ സുമേഷ്‌ എന്ന മദ്യപനെ അവതരിപ്പിച്ചിരിക്കുന്നത്‌. പുതുമുഖ നായിക അശ്വതിയുടെ സെന്‍റിമെന്‍റ്സ്‌ രംഗങ്ങള്‍ തിയേറ്ററില്‍ നിറഞ്ഞ കൂവലിന്‌ പാത്രമാകുന്നു. ബേബി നിവേദിതയുടെ പ്രകടനം മാത്രമാണ്‌ ആശ്വാസം. ദിലീപ്‌, ജഗതി, മനോജ്‌ കെ ജയന്‍, തുടങ്ങി പ്രഗത്ഭന്മാരുടെ നിരതന്നെ സിനിമയിലുണ്ടെങ്കിലും ഫാസില്‍ ആരേയും ഉപയോഗപ്പെടുത്തിയിട്ടില്ല.


ഇടവേളക്ക്‌ ശേഷം കഥാഗതി മാറുമ്പോള്‍ നായകന്‍ തയ്യാറാക്കുന്ന ‘ബുദ്ധിപരമായ പദ്ധതികള്‍’ പ്രേക്ഷകര്‍ക്കാര്‍ക്കും മനസിലാകുന്നില്ല. മോസ്‌ ആസൂത്രണം ചെയ്യുന്ന നാടകം തോന്നിയവഴി ഇഴഞ്ഞ്‌ നീങ്ങുന്നതോടെ സിനിമ സ്വയം ശവപ്പെട്ടി തുറന്ന്‌ അതിനുള്ളില്‍ പ്രവേശിക്കുകയാണ്‌. ഒടുവില്‍ സാഹസികമായ തന്ത്രങ്ങളിലൂടെ നായകന്‍ വില്ലനെ ഉന്മൂലനം ചെയ്യുമ്പോള്‍ മൃതപ്രായരായ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന്‌ ഇറങ്ങി രക്ഷപ്പെടും.


അച്ചടക്കം ഇല്ലാതെ സിനിമ തട്ടിക്കൂട്ടിയതിന്റെ മകുടോദാഹരണം എന്ന പേരിലായിരിക്കും മോസ് ആന്‍ഡ് കാറ്റ് ചരിത്രത്തില്‍ ഇടം നേടുക. നായകന്റേയും നായികയുടേയും വേഷവിധാനങ്ങളില്‍ മാത്രമാണ്‌ സംവിധായകന്‍ പുതുമ പരീക്ഷിച്ചിട്ടുള്ളത്‌. ഭേദപ്പെട്ട ഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. തൊട്ടാല്‍ പൂക്കും എന്ന ഗാനം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ചേക്കും.


Conclusion

‘ഇതൊരു നാടകമല്ല, പൊട്ടന്‍ കളിയായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്’‌‌-ചിത്രത്തില്‍ നായകന്‍ ഇടയ്‌ക്ക്‌ പറയുന്ന ഈ ഡയലോഗാണ്‌ സിനിമയെ കുറിച്ച്‌ പ്രേക്ഷകര്‍ക്കും പറയാനുണ്ടാകുക. ഇനിയൊരു നിര്‍മ്മാതാവിനെ ലഭിക്കാന്‍ ഫാസില്‍ നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ടിരിക്കേണ്ടി വന്നേക്കും.

Lastword

മല എലിയെ പ്രസവിച്ചു!

review by ആശിഷ്
courtesy: cinemakottaka.com
Share this article :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. tonniavasi- എന്‍റെ സിനിമാക്കാഴ്ചകള്‍ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger