
വെയിലില്‍ വിളയാടാന്‍ നമ്മില്‍ പലര്‍ക്കും ഭയമാണ്. കാരണം മറ്റൊന്നുമല്ല, വെയിലുകൊണ്ടാല്‍ നിറം പോകും, കറുത്ത് കരുവാളിക്കും. വെയിലത്ത് പത്ത് മിനിറ്റ് നടക്കാനുണ്ടെങ്കില്‍ ആ യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ സ്ഥിരമായി വെയിലുകൊള്ളുന്നതു മൂലം വാര്‍ദ്ധക്യത്തെ തടയാനാവുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതിശയപ്പെടാന്‍ വരട്ടെ! സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിറ്റാമിന്‍ ഡിയ്ക്ക് കോശങ്ങളുടെ പ്രായദൈര്‍ഘ്യം കൂട്ടാനാവുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അധികമുള്ളവരില്‍ കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലാണെന്ന് ഒരു പഠനത്തില്‍ ലണ്ടനിലെ കിംഗ്സ് കോളേജ് കണ്ടെത്തി.
കോശങ്ങള്‍ പ്രായമാകുന്ന പ്രവര്‍ത്തനത്തെ മദ്ദീഭവിപ്പിക്കുകയാണ് വിറ്റാമിന്‍ ഡി ചെയ്യുന്നത്. 18 വയസുമുതല്‍ മുതല്‍ 79 വയസുവരെയുള്ള 2,160 സ്തീകളില്‍ നടത്തിയ പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം അധികമുള്ളവരുടെ കോശങ്ങള്‍ക്ക് താരമ്യേന ആയുസ് കൂടുതലാണ്. ഈ കണ്ടെത്തല്‍ ഭാവിയില്‍ കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ ബ്രെന്‍റ് റിച്ചാര്‍ഡ്സ് പറഞ്ഞു.
സൂര്യപ്രകാശത്തിലുള്ള അള്‍ട്രാവൈലറ്റ് കിരണങ്ങള്‍ ശരീരത്തിലേല്‍ക്കുമ്പോള്‍ മാത്രമാണ് വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിറ്റാമിന്‍ ഡി പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ശരീരത്തിലെത്തുന്ന കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്. വിറ്റാമിന്‍ ഡിയില്ലാതെ എത്ര തന്നെ കാത്സ്യം അകത്താക്കിയാലും ഫലമുണ്ടാവില്ലെന്ന് സാരം. എല്ലുകളുടെയും നാഡികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു ഘടകമാണ് വിറ്റാമിന്‍ ഡി.
ശരീരത്തിന് ആവശ്യമായ അളവില്‍ വിറ്റാമിന്‍ ഡി ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ലഭ്യമാവില്ല. അതായത് സൂര്യപ്രകാശത്തിലൂടെ ലഭ്യമാവുന്ന വിറ്റാമിന്‍ ഡി ആഹാരത്തിലൂടെ ലഭിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് പത്ത് ഗ്ലാസ് പാല്‍ കുടിക്കേണ്ടിവരുന്നു. ശരീരത്തില്‍ സൂര്യപ്രകാശമേല്‍ക്കാത്ത ചുറ്റുപാടില്‍ ജീവിക്കുന്നവരിലും വസ്ത്രങ്ങള്‍ ധരിക്കുന്നവരിലും വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറവായിരിക്കും. തന്നെയുമല്ല, ഭൂമദ്ധ്യരേഖയില്‍ നിന്ന് അകലെ സ്ഥിതിചെയ്യുന്ന കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ കൂടുതല്‍ നേരം സൂര്യപ്രകാശത്തില്‍ കഴിയാന്‍ ശ്രമിക്കേണ്ടതുമാണ്.
ഏതായാലും, ജരാനരയോ വാര്‍ദ്ധക്യമോ ഇല്ലാതെ മരണം വരെ നിത്യയൌവനം കാത്തുസൂക്ഷിക്കുക ഇനി എത്ര നിസാരം, വെറുതെ വെയില്‍ കൊണ്ടാല്‍ മതിയല്ലോ!
(ഉറവിടം - ബൈജു എന്‍ ടി- വെബ്‌ദുനിയ)