
‘വരൂ നമുക്ക് നൃത്തം ചെയ്യാമെന്നാണ്’ രണ്ടാം വരവില്‍ ബോളീവുഡ് സൗന്ദര്യ റാണി മാധുരി ദീക്ഷിത് പറയുന്നത്.ബോളീവുഡ് പ്രേക്ഷകരെ നൃത്ത നമ്പരുകള്‍ കൊണ്ട് തുള്ളിച്ചാടിപ്പിച്ചിട്ടുള്ള സുന്ദരി അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം‘ ആജാ നാച്ച്‌ലേ’യിലൂടെ മടങ്ങിവരുന്നു. ചിത്രം നവമ്പര്‍ മുപ്പതിന് റിലീസ് ചെയ്യാനുള്ള എല്ലാ ജോലികളും പൂര്‍ത്തിയായി.
മാധുരിയൊടൊപ്പം അക്ഷയ് ഖന്ന, കോങ്കണ സെന്‍ ശര്‍മ്മ, കുനാല്‍ കപൂര്‍ എന്നിവരും എത്തുന്നു.നിരവധി നടിമാരുടെ രണ്ടാം വരവുകള്‍ ഗംഭീരമാക്കിയ ആദിത്യ ചോപ്രയാണ് മാധുരിക്കും ബോളീവുഡിലേക്ക് രണ്ടാം വട്ടം ചുവപ്പന്‍ പരവതാനി വിരിക്കുന്നത്. അനില്‍ മേത്തയാണ് ചിത്രത്തിന്‍റെ സംവിധാനം.
മാധുരിയുടെ മടങ്ങി വരവ് ഒരുക്കുന്നതിനായി ആദിത്യ ചോപ്രതന്നെ തയ്യാറാക്കിയ കഥയാണ് ‘ആജ ആജാ നാച്ച്‌ലേ’യുടേത്. ജനിച്ചു വളര്‍ന്ന നാട്ടിലേക്ക് ഒരു ദശകത്തിന് ശേഷം മടങ്ങേണ്ടി വരുന്ന നര്‍ത്തകിയായ ദിയയുടെ കഥയാണ് ‘ആജാ നാച്ച്‌ലേ’യുടേത്. മരണത്തിലേക്ക് വീഴുന്ന ഗുരുവിന് വേണ്ടിയാണ് വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് അവള്‍ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നത്.
ദിയയെ നൃത്തം പഠിപ്പിച്ച ഗുരുവിന്‍റെ സ്ഥാപനം, അജന്ത തിയേറ്റര്‍ തകര്‍ച്ചയുടെ പാതയിലാണ്. ഈ സ്ഥാപനത്തെ പുനരുദ്ധരിക്കാനുള്ള വലിയ ദൗത്യമാണ് ദിയ ഏറ്റെടുക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ തിയേറ്ററിക്കല്‍ പ്രൊഡക്ഷന്‍ ആരംഭിക്കാനാണ് അവളുടെനീക്കം. അസാധ്യമെന്ന് തന്നെ കരുതാവുന്ന ആ ലക്‍ഷ്യം നിശ്ചദാര്‍ഢ്യം കൊണ്ട് മാത്രം ദിയ ജയിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിയൂഷ് മിശ്രയുടേയും ജയ്ദീപ് സഹാനിയുടേയും വരികള്‍ക്ക് സലിം സുലൈമാനാണ് ഈണം നല്‍കിയിരിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘ദേവ്ദാസ്’ ആയിരുന്നു മാധുരിയുടെ അവസാനത്തെ ബോളീവുഡ് റിലീസ്. ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം സിനിമ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മാധുരി വിദേശത്തേക്ക് കുടിയേറുകയായിരുന്നു.
courtesy: msn malayalam